Your Image Description Your Image Description
Your Image Alt Text

ചെറിയ ആരോഗ്യപ്രശ്നങ്ങളാണെങ്കിലും അവയ്ക്ക് സമയത്തിന് തന്നെ പരിഹാരം കാണാനായില്ലെങ്കില്‍ തീര്‍ച്ചയായും അവ നമുക്ക് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമുണ്ടാകാം. ഇത്തരത്തില്‍ പല്ലുവേദന സൃഷ്ടിച്ചേക്കാവുന്ന ചില സങ്കീര്‍ണതകളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.

ഇടയ്ക്കിടെ പല്ലുവേദനയുണ്ടാകും. അപ്പോഴൊക്കെ എന്തെങ്കിലും പെയിൻ കില്ലറിലോ പൊടിക്കൈകളിലോ ആശ്വാസം കണ്ടെത്തും. എന്നാലും ഒരു ഡെന്‍റിസ്റ്റിനെ കണ്ട് വേണ്ട പരിഹാരം കാണില്ല. ഇത് മിക്കവരുടെയും ശീലം തന്നെയാണ്. എന്നാല്‍ പല്ലുവേദന ഇതുപോലെ വച്ചുകൊണ്ടിരുന്നാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ചറിയാം…

പല്ലിന് കേട്…

പല്ലുവേദന വച്ചുകൊണ്ടിരുന്നാല്‍ അത് പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല. പല്ല് കേടാകുന്നതിന്‍റെ ഭാഗമായാണ് ഇങ്ങനെ വേദന അനുഭവപ്പെടുന്നത് എങ്കില്‍ ചികിത്സയെടുത്തില്ലെങ്കില്‍ പല്ല് പൂര്‍ണമായും തന്നെ നശിച്ചുപോകുന്നതിലേക്ക് നയിക്കാം. പല്ല് മാത്രമല്ല പല്ലിന് താഴെയുള്ള രക്തക്കുഴലുകള്‍, നാഡികള്‍ എന്നിവിടങ്ങളിലേക്കെല്ലാം പ്രശ്നം ബാധിക്കപ്പെടാം. ഇത് പിന്നീട് വലിയ സങ്കീര്‍ണതകളിലേക്കും നീങ്ങാം.
മോണരോഗം…

പല്ലിന് ചെറിയ എന്തെങ്കിലും പ്രശ്നങ്ങളേ ഉള്ളൂവെങ്കില്‍ അത് പെട്ടെന്ന് ചികിത്സിച്ച് മാറ്റാവുന്നതേയുള്ളൂ. എന്നാല്‍ ചികിത്സയെടുത്തില്ലെങ്കില്‍ അത് മൂര്‍ച്ഛിച്ച് മോണരോഗത്തിലേക്കും നയിക്കാം. മോണരോഗമാണെങ്കില്‍ നമ്മളെ പല രീതിയിലും ബാധിച്ചുകൊണ്ടേയിരിക്കുന്നൊരു പ്രശ്നമാണ്. ഹൃദ്രോഗം, പ്രമേഹം എന്നിങ്ങനെ മറ്റ് രോഗാവസ്ഥകളിലേക്ക് കൂടി മോണരോഗം നമ്മെ എത്തിക്കാം.

അണുബാധ…

പല്ലില്‍ നിസാരമായ അണുബാധയുണ്ടാകുന്നത് മൂലമാകാം വേദന അനുഭവപ്പെടുന്നത്. എന്നാലിത് സമയത്തിന് കണ്ടെത്തി വേണ്ടവിധം പരിഹരിച്ചില്ലെങ്കില്‍ അണുബാധ രൂക്ഷമാകാം. അണുബാധ രക്തത്തിലേക്ക് വരെ പടരാം. ഇത് വളരെ ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. മറ്റ് അവയവങ്ങളിലേക്കും ക്രമേണ അണുബാധയെത്താം.

വേദന…

കൂടെക്കൂടെ പല്ലുവേദന അനുഭവപ്പെടുന്നത് വ്യക്തിയുടെ ജീവിതത്തെ പല രീതിയില്‍ ബാധിക്കാം. ജോലി, പഠനം, ബന്ധങ്ങള്‍ മറ്റ് കാര്യങ്ങളെല്ലാം ബാധിക്കപ്പെടും. ഇത് ചികിത്സയിലൂടെ ഒഴിവാക്കുകയാണെങ്കില്‍ ജീവിതാന്തരീക്ഷം ഒരുപാട് മെച്ചപ്പെടുത്താൻ സാധിക്കും. ഇടയ്ക്കിടെ പെയിൻ കില്ലര്‍ കഴിക്കുന്ന ശീലവും പ്രശ്നം തന്നെയാണ്.

ആകെ ആരോഗ്യം…

പല്ലുവേദനയ്ക്ക് കാരണമാകുന്ന പ്രശ്നങ്ങള്‍ ക്രമേണ പല്ലിനെയും വായയെയും മാത്രമല്ല ആകെ ആരോഗ്യത്തെയും ബാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് വരാം. ഹൃദ്രോഗം, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, രക്തത്തിലെ അണുബാധ എന്നിങ്ങനെ പല റിസ്കുകളാണ് പല്ലുവേദന ഉയര്‍ത്തുന്നത്.

കൃത്യമായ ഇടവേളകളില്‍ ഡെന്‍റിസ്റ്റിനെ കണ്ട് വേണ്ട ചെക്കപ്പുകള്‍ ചെയ്യുകയും നിസാരമായ പ്രശ്നങ്ങളാണെങ്കില്‍ കൂടി, അതിന് സമയബന്ധിതമായി പരിഹാരം കാണുകയും ചെയ്യാനായാല്‍ ഈ പ്രയാസങ്ങളെല്ലാം ഒഴിവാക്കാനാകും

Leave a Reply

Your email address will not be published. Required fields are marked *