Your Image Description Your Image Description
Your Image Alt Text

ബ്രേക്ക്ഫാസ്റ്റ്, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയുള്ള സമയാസമയങ്ങളിലെ ഭക്ഷണങ്ങള്‍ക്ക് പുറമെ വിശക്കുമ്പോഴെല്ലാം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്ന ശീലം മിക്കവര്‍ക്കുമുള്ളതാണ്. ഇങ്ങനെ കഴിക്കുന്നതിനായി തെരഞ്ഞെടുക്കുന്ന ലഘുഭക്ഷണം അഥവാ സ്നാക്സ് അധികവും അനാരോഗ്യകരവും ആയിരിക്കും.

ചിപ്സ്, ബിസ്കറ്റ്, ബേക്കറി പലഹാരങ്ങള്‍ എല്ലാമായിരിക്കും മിക്കപ്പോഴും ആളുകള്‍ സ്നാക്സ് ആയി കഴിക്കുന്നത്. ഇവയെല്ലാം തന്നെ ശരീരത്തിന് ദോഷമാണ്. എന്നുവച്ചാല്‍ ഇവ കഴിക്കരുത് എന്നല്ല, പതിവായി ഇവയാണ് കഴിക്കുന്നതെങ്കില്‍ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

ഇങ്ങനെ ആരോഗ്യം ബാധിക്കപ്പെടാതിരിക്കാൻ നാം കഴിക്കുന്ന സ്നാക്സ് മികച്ചതായിരിക്കണം. ഇത്തരത്തില്‍ ഹെല്‍ത്തിയായ അഞ്ച് തരം സ്നാക്സിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഇവയുടെ പ്രത്യേകതയെന്തെന്നാല്‍ ഇവ ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്.

ഒന്ന്…
വാള്‍നട്ട്സ് ആണ് ഇതിലൊരു വിഭവം. വാള്‍നട്ട്സ് വളരെയധികം ആരോഗ്യഗുണങ്ങളുള്ള വിഭവമാണ്. കോപ്പര്‍, മഗ്നീഷ്യം, മാംഗനീസ് എന്നിങ്ങനെ പല പോഷകങ്ങളുടെയും സ്രോതസാണ് വാള്‍നട്ട്സ്. ഇടയ്ക്ക് വിശക്കുമ്പോള്‍ അല്‍പം വാള്‍നട്ട്സ് സ്നാക്സ് ആയി കഴിക്കുകയാണെങ്കില്‍ അത് കൊളസ്ട്രോള്‍ സാധ്യതയും തള്ളിക്കളയും. ഹൃദയത്തിനും നല്ലത്. കൊളസ്ട്രോള്‍ ഉള്ളവര്‍ക്ക് ഇത് കുറയ്ക്കുന്നതിനുള്ള ഡയറ്റിന്‍റെ ഭാഗമായും വാള്‍നട്ട്സ് കഴിക്കാവുന്നതാണ്.

രണ്ട്…

ബീനട്ട് ബട്ടറും ആപ്പിളുമാണ് മറ്റൊരു ഹെല്‍ത്തി സ്നാക്ക്. പീനട്ട്സിലുള്ള ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിന് നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും പീനട്ട്സ് നല്ലതാണ്. ആപ്പിളും ഇതിനൊപ്പം കഴിക്കുന്നത് ഏറെ ഗുണകരം. പീനട്ട്സും ആപ്പിളും നല്ലൊരു കോംബോ ആയി കഴിക്കുന്നവര്‍ ഏറെയുണ്ട്. പീനട്ട് ബട്ടര്‍ കഴിയുന്നതും വീട്ടില്‍ തന്നെ തയ്യാറാക്കുന്നതാണ് ഏറെ നല്ലത്.

മൂന്ന്…

റോസ്റ്റഡ് ചന്ന (വെള്ളക്കടല) കഴിക്കുന്നതും വളരെ നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, അയേണ്‍, മഗ്നീഷ്യം, സെലീനിയം, ബി വൈറ്റമിനുകള്‍ എന്നിങ്ങനെ ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാകുന്ന നിരവധി ഘടകങ്ങളുടെ സ്രോതസാണ് ചന്ന.

നാല്…

ഡാര്‍ക് ചോക്ലേറ്റും ഇടയ്ക്ക് വിശക്കുമ്പോള്‍ കഴിക്കാൻ നല്ലതാണ്. ഇതിലുള്ള ഫ്ളേവനോയിഡ്സ് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ തന്നെ പ്രമേഹം, സ്ട്രോക്ക് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ഡാര്‍ക് ചോക്ലേറ്റ് സഹായകമാണ്.

അഞ്ച്…

പോപ്കോണ്‍ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വളരെ ഹെല്‍ത്തിയും അതുപോലെ ജനകീയവുമായൊരു സ്നാക്ക് ആണ് പോപ്കോണ്‍ എന്നും പറയാം.

എത്ര ആരോഗ്യകരമായ സ്നാക്സ് ആണെന്ന് പറഞ്ഞാലും അത് അമിതമാകാതെ ശ്രദ്ധിക്കണം. അധികമാകുമ്പോള്‍ ഇവ അനുകൂലമാകുന്നതിന് പകരം ആരോഗ്യത്തിന് പ്രതികൂലമായും വരാം. മൈൻഡ്‍ഫുള്‍ ഈറ്റിംഗ് പരിശീലിക്കുകയാണെങ്കില്‍ വളരെ പതിയെ, ചെറിയ അളവ് ഭക്ഷണം മാത്രം കഴിക്കാൻ നമുക്ക് സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *