Your Image Description Your Image Description
Your Image Alt Text

സസക്സ്: യുകെയിൽ രണ്ട് കുട്ടികളെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ജീവനൊടുക്കാൻ മലയാളി യുവതിയുടെ ശ്രമം. ഈസ്റ്റ് സസെക്സിലെ അക്ഫീൽഡിൽ ഹണ്ടേഴ്സ് വേയിലായിരുന്നു സംഭവം. 38 വയസുകാരിയായ ജിലുമോൾ ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തതായി ദ ഗാർഡിയൻ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഒന്‍പതും പതിമൂന്നും വയസായ സ്വന്തം മക്കളുടെ ശരീരത്തിലാണ് രാസവസ്തു കുത്തിവെച്ച് ജിലുമോൾ കൊല്ലാൻ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

വ്യാഴാഴ്ചയായിരുന്നു സംഭവം. വിവരം ലഭിച്ചതനുസരിച്ച് എമർജൻസി സർവീസസ് വിഭാഗം ജീവനക്കാര്‍ സ്ഥലത്തെത്തി യുവതിയെയും മക്കളെയും ആശുപത്രിയിലേക്ക് മാറ്റി. കുട്ടികൾ ചികിത്സയിലാണ്. ജിലുമോൾ ജോര്‍ജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ശനിയാഴ്ച ബ്രിങ്ടൺ മജിസ്ട്രേറ്റ്സ് കോടതിയിൽ ഹാജരാക്കി. ഇവരെ കോടതി റിമാൻഡ് ചെയ്തു. മാര്‍ച്ച് എട്ടിന് വീണ്ടും ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. രണ്ട് വധശ്രമ കേസുകളും ആത്മഹത്യാ ശ്രമവുമാണ് ജിലുമോൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വാർത്ത വെള്ളിയാഴ്ച തന്നെ പ്രാദേശിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇത് മലയാളി യുവതിയാണെന്ന വിവരം കഴിഞ്ഞ ദിവസം മാത്രമാണ് പുറത്തുവന്നത്. ഇതോടെ ബ്രിട്ടനിലെ മലയാളികള്‍ക്കും ഞെട്ടലായി. ജിലുമോളുടെ ഭർത്താവ് നാട്ടിലാണെന്നാണ് വിവരം. അതേസമയം ഇതൊരു ഒറ്റപ്പെട്ടെ സംഭവം മാത്രമാണെന്നും സമൂഹം ഭയപ്പെടേണ്ട കാര്യമില്ലെന്നും ഇതുമായി മറ്റാർക്കും ബന്ധമില്ലെന്നും സസക്സ് പൊലീസ് ചീഫ് ഇൻസ്പെക്ട‍ർ മാര്‍ക് ഇവാൻസ് അറിയിച്ചു. പൊലീസ് അന്വേഷണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് ഏതാനും ദിവസം കൂടുതൽ പൊലീസ് സാന്നിദ്ധ്യമുണ്ടാകുമെന്നും എന്നാൽ പൊതുജനങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *