Your Image Description Your Image Description
Your Image Alt Text

ദില്ലി: ഒരൊറ്റ സംഘത്തെ പിടികൂടിയതു വഴി നിരവധി ബൈക്ക് മോഷണ കേസുകള്‍ക്കും മൊബൈൽ ഫോണ്‍ പിടിച്ചുപറികള്‍ക്കും തുമ്പുണ്ടാക്കിയിരിക്കുകയാണ് ദില്ലി പൊലീസ്. റോസ് ഗ്യാങ് എന്ന അറിയപ്പെട്ടിരുന്ന യുവാക്കളുടെ സംഘം കൃത്യമായ ആസൂത്രങ്ങളോടെ നടത്തിയ മറ്റൊരു മോഷണ ശ്രമത്തിനിടെ പൊലീസിന്റെ കൈകളിലേക്ക് വന്നുചാടുകയായിരുന്നു. സംഘത്തിന്റെ തലവൻ ഇപ്പോഴും കാണാമറയത്താണ്. ഇയാൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

സംഘത്തിലെ എള്ളാവരുടെയും വലത്തേ കൈയിൽ റോസാ പൂവിന്റെ ചിത്രം പച്ച കുത്തിയിരിക്കും. നിഖിൽ പുരി, രോഹിത്, ദീപക്, ആകാശ് എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക് മോഷണമായാലും മൊബൈൽ ഫോണ്‍ തട്ടിപ്പറിക്കുന്നതായാലും എല്ലാ കുറ്റകൃത്യങ്ങളുടെയും വീഡിയോ ചിത്രീകരിച്ച് അത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അപ്‍ലോഡ് ചെയ്യും. ജനങ്ങളിൽ ഭീതി പരത്തുന്നതിന് വേണ്ടിയാണത്രെ ഇത്. ഇനിയും പിടികിട്ടാനുള്ള സംഘത്തലവൻ നിരവധി ക്രിമിനൽ കേസുകളിൽ പിടികിട്ടാനുള്ളയാളാണ്.

വ്യാഴാഴ്ച അറസ്റ്റിലായപ്പോൾ മോഷ്ടിച്ചെടുത്ത എട്ട് ബൈക്കുകള്‍, മൂന്ന് മൊബൈൽ ഫോണുള്‍, ക്രിമിനൽ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന മറ്റൊരു ബൈക്ക് തുടങ്ങിയവയെല്ലാം കണ്ടെടുത്തു. കനയ്യ നഗറിൽ ഒരു ബൈക്ക് മോഷണത്തിന് സംഘം പദ്ധതിയിടുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു.

കാത്തിരുന്ന പൊലീസ് സംഘത്തിന് മുന്നിലേക്ക് ബൈക്കിൽ മൂന്ന് പേര്‍ വന്നിറങ്ങി. പൊലീസിനെ കണ്ടയുടൻ ഇവര്‍ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസുകാര്‍ പിന്നാലെ കൂടി. എല്ലാവരെയും പിടികൂടുകയും ചെയ്തു. മോഷ്ടിച്ച കുറച്ച് സാധനങ്ങള്‍ അപ്പോൾ തന്നെ പിടിച്ചെടുത്തു. ഡൽഹിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന ബൈക്കുകള്‍ മാല പൊട്ടിക്കൽ പോലുള്ള ക്രിമിനൽ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുകയായിരുന്നു. സംഘത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവവുമാണ്. മോഷ്ടിച്ചെടുക്കുന്ന പണമെല്ലാം ആഡംബര ജീവിതം നയിക്കാൻ വേണ്ടി മാത്രമാണ് ചെലവഴിച്ചിരുന്നത്. സംഘത്തെ പിടികൂടിയതോടെ ഒറ്റയടിക്ക് പതിനാലിൽ അധികം കേസുകള്‍ക്കാണ് വഴിത്തിരിവായതെന്ന് പൊലീസ് പറയുന്നു. മറ്റ് കേസുകളിലും ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *