Your Image Description Your Image Description
Your Image Alt Text

നടന്‍ വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാ കേന്ദ്രമായ മാറിയിരിക്കുകയാണ് തമിഴകം. ലോകസഭ തിരഞ്ഞെടുപ്പില്‍ തന്റെ പുതിയ പാര്‍ട്ടിയായ ‘തമിഴക വെട്രി കഴകം ‘ മത്സരിക്കില്ലെന്ന് വിജയ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ആരാധകരുടെ പിന്തുണ നേടിയെടുക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കംശ്രമിക്കുന്നത്. 39 ലോകസഭ സീറ്റുകളാണ് നിലവില്‍ തമിഴകത്തുളളത്. ഇതില്‍ 38 ഉം 2019- ലെ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയത് ഡി.എം.കെ സഖ്യമാണ്. ഇത്തവണയും ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം മുന്നോട്ട് പോകുന്നത്. അണ്ണാ ഡി.എം.കെയും – ബി.ജെ.പിയും വേര്‍പിരിഞ്ഞ് മത്സരിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരാന്‍ കഴിയുമെന്നാണ് ഡി.എം.കെ സഖ്യം പ്രതീക്ഷിക്കുന്നത്. ഡി.എം.കെയ്ക്കു പുറമെ, കോണ്‍ഗ്രസ്സും ഇടതുപക്ഷവും അടക്കം ഉള്‍പ്പെടുന്നതാണ് ഈ സഖ്യം.

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ , വിജയ് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനാല്‍ , ഘടക കക്ഷികളെ ഒപ്പംനിര്‍ത്തേണ്ടത് ഡി എംകെ യുടെ ബാധ്യതയാണ്. അതുകൊണ്ടു തന്നെ , കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരാന്‍ തന്നെയാണ് സാധ്യത. നിലവില്‍ സി.പി.എം , സി. പി. ഐ പാര്‍ട്ടികള്‍ക്ക് രണ്ട് വീതം എം.പിമാര്‍ ഉണ്ട്. ഈ നാല് സീറ്റുകളിലും അവര്‍ തന്നെ മത്സരിക്കട്ടെ എന്നതാണ് ഡി.എം.കെ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ , മറ്റൊരു ഘടക കക്ഷിയായ കോണ്‍ഗ്രസ്സില്‍ സ്ഥിതി വ്യത്യസ്തമാണ്. സീറ്റിനായി ഇപ്പോള്‍ തന്നെ കോണ്‍ഗ്രസ്സില്‍ പിടിവലി രൂക്ഷമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച, 10 സീറ്റികളിലാണ് ഇത്തവണയും കോണ്‍ഗ്രസ്സ് മത്സരിക്കുക. കോണ്‍ഗ്രസ്സിലെ തര്‍ക്കങ്ങള്‍ വിജയ സാധ്യതയെ ബാധിക്കരുതെന്ന കര്‍ക്കശ നിലപാട് ഡി.എം.കെ നേതൃത്വവും ഇതിനകം തന്നെ സ്വീകരിച്ചിട്ടുണ്ട്.

ഭരണപക്ഷത്തെ അവസ്ഥ ഇതാണെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അവസ്ഥ മറ്റൊന്നാണ്. അണ്ണാ ഡി.എം.കെ പല കഷ്ണങ്ങളായി പിളര്‍ന്നുകഴിഞ്ഞു. ബി.ജെ.പിയും സ്വന്തം നിലയ്ക്ക് മത്സരിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായ അണ്ണാമലൈ ആണ് ബി.ജെ.പി നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മോദിയെ മുന്‍ നിര്‍ത്തി നേട്ടമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അണ്ണാമലൈ നടത്തിയ പദയാത്രയിലെ ജനപങ്കാളിത്വമാണ് ബി.ജെ.പിയുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നത്. ഏതാനും സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്നതാണ് കാവിപ്പടയുടെ പ്രതീക്ഷ.

തന്നെ ഈ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തിന് ഭീഷണിയാകാന്‍ സാധ്യതയില്ല. ഭൂരിപക്ഷ സീറ്റുകളിലും, ഡി.എം.കെ സഖ്യം തന്നെ വിജയിക്കാനാണ് സാധ്യത. മൊത്തം സീറ്റുകളും അവര്‍ തൂത്തുവാരിയാല്‍ പോലും…അത്ഭുതപ്പെടാനില്ല. തമിഴകത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും അതു തന്നെയാണ് സൂചിപ്പിക്കുന്നത്.

എന്നാല്‍ , 2026 – ലെ അവസ്ഥ ഇതാകില്ല. ശക്തമായ വെല്ലുവിളി ഡി.എം.കെയ്ക്ക് നേരിടേണ്ടതായി വരും. അതിന് പ്രധാനകാരണം , ദളപതിയുടെ സാന്നിധ്യം തന്നെയാണ്. തമിഴക വെട്രി കഴകത്തിന്റെ കന്നിമത്സരം തമിഴ്‌നാട് രാഷ്ട്രീയത്തെ പ്രകംമ്പനം കൊള്ളിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വിജയ് ഒരു രാഷ്ട്രീയ മുന്നണി സൃഷ്ടിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഈ മുന്നണിയിലേക്ക് ഇടതുപക്ഷ പാര്‍ട്ടികളെയും , കോണ്‍ഗ്രസ്സിനെയും വിജയ് ക്ഷണിക്കുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. അണ്ണാ ഡി.എം.കെയിലെ നല്ലൊരു വിഭാഗം ലോകസഭ തിരഞ്ഞെടുപ്പിനു ശേഷം ദളപതിയുടെ പാര്‍ട്ടിയില്‍ ചേക്കേറാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

Leave a Reply

Your email address will not be published. Required fields are marked *