Your Image Description Your Image Description
Your Image Alt Text

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സംഘടന തലത്തിൽ വൻ അഴിച്ചുപണിയുമായി കോൺഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലാണ് മാറ്റം. എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് പകരം ദീപാ ദാസ് മുൻഷിക്കാണ് ഇനി കേരളത്തിന്റെ ചുമതല. സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തുടരും.

കേരളത്തിന്റെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നൽകി. മുതിർന്ന നേതാവ് മുകുൾ വാസ്‌നിക്കിന് ഗുജറാത്തിന്റെ ചുമതലയും രൺദീപ് സിങ് സുർജേവാലയ്ക്ക് കർണാടകയുടെ ചുമതലയുമാണ് നൽകിയത്. കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതലയിൽ ജയ്റാം രമേശ് തുടരും. എ ഐ സി സിയുടെ ട്രഷററായി മുതിർന്ന നേതാവ് അജയ് മാക്കൻ തുടരും.

സച്ചിൻ പൈലറ്റിനെ ഛത്തീസ്ഗഡിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചു.പ്രിയങ്ക ഗാന്ധിക്ക് പകരം ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയ്ക്ക് ഉത്തർപ്രദേശിന്റെ ചുമതല നൽകി. അതേസമയം പ്രിയങ്കയ്ക്ക് പുതിയ ചുമതല നൽകിയിട്ടില്ല. ഇതോടെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമോ അതോ മറ്റെന്തെങ്കിലും പദവി നൽകുമോയെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായി .

പ്രിയങ്ക ഗാന്ധി ലോക്സഭ തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. യുപിയിൽ നിന്നും ഇതിനോടകം തന്നെ സംസ്ഥാന നേതൃത്വം ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇന്ത്യ സഖ്യത്തിൽ നിന്നും പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യം നേതാക്കൾ ഉയർത്തിയിട്ടുണ്ട്. നരേന്ദ്ര മോദിക്കെതിരെ വാരണാസിയിൽ തന്നെ പ്രിയങ്ക മത്സരിക്കണമെന്ന ആവശ്യവും പ്രതിപക്ഷ സഖ്യത്തിലെ നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ആവശ്യത്തോട് ഹൈക്കമാന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ലോക്സഭ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ നേതൃമാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്നതും ശ്രദ്ധേയമാണ്. നിയമസഭ തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്നും പാഠം ഉൾക്കൊണ്ട് കൊണ്ട് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന നിർദ്ദേശമാണ് വർക്കിംഗ് കമ്മിറ്റി യോഗത്തിൽ ഉയർന്നത്.ഇന്ത്യ മുന്നണിയിലെ കക്ഷികളുമായി സംസ്ഥാന തലത്തില്‍ സഖ്യമുണ്ടാക്കാനും സ്ഥാനാർത്ഥി പ്രഖ്യാപനം, സീറ്റ് വിഭജനം ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ നിർദ്ദേശം ഉയർന്നു. തിരഞ്ഞെടുപ്പിനായി തന്ത്രം മെനയാൻ സുനിൽ കൊനുഗലുവിനേയും യോഗം ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *