Your Image Description Your Image Description
Your Image Alt Text

ചെന്നിത്തലക്ക് വീണ്ടും തിരിച്ചടി .പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവ്‌ മാത്രമായി ഒതുക്കപ്പെട്ട രമേശ്‌ ചെന്നിത്തലയെ മഹാരാഷ്ട്രയിലേക്ക്‌ പറപ്പിച്ച്‌ എഐസിസി നേതൃത്വം. പ്രവർത്തക സമിതിയിൽ സ്ഥിരാംഗത്വം നഷ്ടപ്പെട്ട ചെന്നിത്തല കടുത്ത പ്രതിഷേധത്തിലായിരുന്നു. ഇത്‌ പരിഹരിക്കാനാണ്‌ മഹാരാഷ്ട്രയുടെ ചുമതല നൽകിയിരിക്കുന്നത്‌. പ്രവർത്തക സമിതി അംഗമായി സംസ്ഥാനത്ത്‌ തുടരാനാണ്‌ ചെന്നിത്തലയുടെ താൽപ്പര്യമെങ്കിലും തൽക്കാലം ചുമതല ഏറ്റെടുക്കാനാണ്‌ തീരുമാനം.

ശശി തരൂരും കനയ്യ കുമാറുമടക്കമുള്ള പുതുമുഖങ്ങൾക്ക്‌ പ്രവർത്തക സമിതിയിൽ ഇടംനൽകിയപ്പോഴും വർഷങ്ങളായി തുടരുന്ന സ്ഥിരാംഗത്വത്തിൽനിന്ന്‌ പ്രൊമോഷൻ കിട്ടാതിരുന്നത്‌ ചെന്നിത്തലയെ പ്രകോപിതനാക്കിയിരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലും രോഷം ചെന്നിത്തല പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ പിന്നാലെ 2024 ഒക്ടോബറിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന മഹാരാഷ്ട്രയുടെ ചുമതല ചെന്നിത്തലയ്‌ക്ക്‌ നൽകുമെന്ന്‌ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു.

എഐസിസി ജനറൽ സെക്രട്ടറിമാരായ മോഹൻ പ്രകാശ്‌, ചെല്ലകുമാർ, അജോയ്‌കുമാർ, ഭാരത്‌സിൻഹ്‌ സൊളാങ്കി, രാജീവ്‌ ശുക്ല, സുഖ്‌ജിന്ദർ സിങ്‌ രൺധാവ, ദേവേന്ദർ യാദവ്‌, മണിക്‌റാവു താക്കറെ, ഗിരീഷ്‌ ചോഡങ്കർ, മാണിക്കം ടാഗോർ, ഗുർദീപ്‌ സിങ്‌ സപ്പൽ എന്നിവരാണ്‌ പുതിയ പട്ടികയിൽ സംസ്ഥാനങ്ങളുടെ ചുമതല ലഭിച്ച മറ്റുള്ളവർ.വർക്കിങ്‌ കമ്മിറ്റി സ്ഥിരാംഗത്വം മാത്രമുള്ള തന്നെ ഉൾപ്പെടുത്തിയത്‌ താനുയർത്തിയ പ്രതിഷേധത്തിന്റെ ഫലമാണെന്നാണ്‌ ചെന്നിത്തല കരുതുന്നത്‌. പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താതിരുന്നതിലെ പ്രതിഷേധം അവസാനിച്ചിട്ടില്ലെങ്കിലും ദേശീയ നേതൃത്വവുമായും ഗാന്ധി കുടുംബവുമായും ഏറ്റുമുട്ടാനും പിണക്കാനും ചെന്നിത്തലയ്ക്ക്‌ താൽപ്പര്യമില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവസേനയുമായി ചേർന്ന്‌ സർക്കാരുണ്ടാക്കിയിട്ടും സർക്കാരിനെ നിലനിർത്താൻ കഴിയാതിരുന്ന ക്ഷീണം മഹാരാഷ്ട്രയിൽ കോൺഗ്രസിനുണ്ട്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തുടർന്ന്‌ നിയമസഭയിലും നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത്‌ ചെന്നിത്തലയ്‌ക്കും തിരിച്ചടിയാകും. ഇത്‌ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന്‌ ഔട്ടാക്കാനുള്ള നീക്കം കേരളത്തിലുമുണ്ടാകും. ഇത്‌ മനസ്സിലാക്കിയാകും ചെന്നിത്തലയുടെ തുടർനീക്കങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *