Your Image Description Your Image Description
Your Image Alt Text

ഇത്തവണത്തെ ലോകസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന ഒരു മണ്ഡലം പൊന്നാനിയാണ്. ഏത് രാഷ്ട്രീയ കൊടുങ്കാറ്റിലും ഉലയാത്ത ഈ പൊന്നാപുരം കോട്ട നിലനിർത്തുക എന്നത് മുസ്ലീംലീഗിനെ സംബന്ധിച്ച് അഭിമാന പ്രശ്നമാണ്. പൊന്നാനി കൈവിട്ടാൽ അത് ലീഗിന്റെ ചിറകറ്റതിന് തുല്യമാണ്. മുൻപ് ഇന്നത്തെ മലപ്പുറം മണ്ഡലം മഞ്ചേരി ആയിരുന്ന കാലഘട്ടത്തിൽ കൈവിട്ടു പോയപ്പോഴും കൂറ്റൻ ഭൂരിപക്ഷത്തിന് ലീഗ് നിലനിർത്തിയ മണ്ഡലമാണ് പൊന്നാനി. ആ പൊന്നാനി മണ്ഡലത്തിലെ ചുവപ്പിന്റെ തിരയിളക്കം വല്ലാതെ ലീഗ് നേതൃത്വത്തെ ഭയപ്പെടുത്തുന്നുമുണ്ട്. അതു കൊണ്ടാണ് സിറ്റിംങ് എം.പിയായ ഇടി മുഹമ്മദ് ബഷീർ പൊന്നാനി വിട്ട് മലപ്പുറത്തേക്ക് കൂടുമാറാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

ഇടി കൂടു മാറാൻ ശ്രമിക്കുന്ന ഈ മലപ്പുറം ലോകസഭ മണ്ഡലത്തിൽ പോലും വൻ വോട്ട് വർദ്ധനവാണ് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിച്ചിരിക്കുന്നത്. മാറുന്ന മലപ്പുറത്തിന്റെ മുഖമാണിത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പൊന്നാനി ലോകസഭ മണ്ഡലത്തിൽ കേവലം പതിനായിരത്തിൽ താഴെ മാത്രമാണ് യു.ഡി.എഫിന്റെ ഭൂരിപക്ഷം. ജില്ലയിലെ കോൺഗ്രസ്സിലെ ഭിന്നതയും ഇത്തവണ ലീഗ് സ്ഥാനാർത്ഥിക്കു തന്നെയാണ് വെല്ലുവിളി ഉയർത്തുക.ലീഗ് കോട്ടയെ തകർക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമായാണ് ലോകസഭ തിരഞ്ഞെടുപ്പിനെ ഇടതുപക്ഷം നോക്കി കാണുന്നത്.

തിരഞ്ഞെടുപ്പു പ്രചരണത്തിനു ചുക്കാൻ പിടിക്കാനും തന്ത്രങ്ങൾ ആവിഷ്കരിക്കാനും മന്ത്രി മുഹമ്മദ് റിയാസിനെയാണ് സി.പി.എം ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രിമാർക്കു നൽകിയ ചുമതലയുടെ ഭാഗമാണിത്. യുവ നേതാവായ റിയാസിനെ സി.പി.എം രംഗത്തിറക്കിയതോടെ ലീഗും ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ മുനവറലി ശിഹാബ് തങ്ങൾക്കും പൊന്നാനിയിൽ പ്രത്യേക ചുമതല നൽകിയതായാണ് അറിയുന്നത്. ഇടതുപക്ഷത്തിന്റെ തന്ത്രങ്ങൾക്ക് റിയാസും യു.ഡി.എഫിന്റെ തന്ത്രങ്ങൾക്ക് മുനവറലിയുമാണ് ചുക്കാൻ പിടിക്കുക. ഇരുവരും രാഷ്ട്രീയത്തിൽ എതിരാളികൾ ആളെങ്കിലും വ്യക്തിപരമായ അടുപ്പം സൂക്ഷിക്കുന്നവരാണ്. കോളജ് കാലം മുതലുള്ള സൗഹൃദമാണത്.

യുവജന പ്രവർത്തകരെ സജീവമാക്കി രംഗത്തിറക്കുക എന്ന റിയാസിന്റെ അജണ്ട തന്നെയാണ് മുനവറലിയും പൊന്നാനിയിൽ നടപ്പാക്കുന്നത്. യൂത്ത് ലീഗനെ ഇതിനായി ഇതിനകം തന്നെ അദ്ദേഹം രംഗത്തിറക്കി കഴിഞ്ഞിട്ടുണ്ട്. എം.എസ്.എഫ് പ്രവർത്തകരും തിരഞ്ഞെടുപ്പു പ്രചരണത്തിൽ ഇത്തവണ കൂടുതലായി രംഗത്തിറങ്ങും. യൂത്ത് കോൺഗ്രസ്സ് കെ.എസ്.യു പ്രവർത്തകരോട് സജീവമാകാനും യൂത്ത്ലീഗ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.കോൺഗ്രസ്സിലെ ആര്യാടന്‍ പക്ഷം ഉടക്കിയാൽ ഇവിടെ പോലും ലീഗ് നന്നായി വിയർക്കും. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എയായ അനില്‍കുമാറിന് എന്തായാലും ഇനി നിയമസഭ കാണാൻ കഴിയുകയില്ല. കോൺഗ്രസ്സിൽ തുടർന്നാലും ഇല്ലങ്കിലും അനിൽ കുമാറിനെ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്നത് ആര്യാടൻ വിഭാഗത്തിന്റെ ശപഥമാണ്. പഴയ കോണ്‍ഗ്രസുകാരെ ഒപ്പം കൂട്ടിയും കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ രൂപത്തില്‍ സമാഹരിച്ചുമാണ് സി.പി.എം മലപ്പുറത്തെ ലീഗ് കോട്ടകളില്‍ എക്കാലത്തും വിള്ളല്‍ വീഴ്ത്തിയിരുന്നത്

ലീഗിന്റെ ശക്തമായ വോട്ടുബാങ്കായ സമസ്ത സുന്നി വിഭാഗം പലപ്പോഴും മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനും അനുകൂല നിലപാടെടുക്കുന്ന സാഹചര്യം കൂടി പരിഗണിക്കുമ്പോൾ പുതിയ കാലത്തും വലിയ പ്രതിസന്ധിയെയാണ് മുസ്ലീംലീഗ് മലപ്പുറം ജില്ലയിൽ നേരിടുന്നത്. പൊന്നാനി ലോകസഭ മണ്ഡലം കൈവിട്ടാൻ അതോടെ ലീഗ് അണികളുടെ സകല ആത്മവിശ്വാസവും നഷ്ടമാകും. അത്തരമൊരു സാഹചര്യം സൃഷ്ടിച്ച് ലീഗിനെ പിളർത്തുക എന്നതാകും ഇടതുപക്ഷത്തിന്റെ പുതിയ അജണ്ടയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *