Your Image Description Your Image Description
Your Image Alt Text

പ്രമേഹം അഥവാ ഷുഗര്‍ എപ്പോഴും ഇത്തിരി പ്രായമായവരെ മാത്രമേ ബാധിക്കൂ എന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷേ പ്രമേഹം കുട്ടികളെയും ബാധിക്കും എന്നതാണ് സത്യം. എന്നാല്‍ മുതിര്‍ന്നവരുടെ തോതുമായി തട്ടിച്ചുനോക്കിയാല്‍ കുറവ് തന്നെ.

ടൈപ്പ് 1 പ്രമേഹമാണ് അധികവും കുട്ടികളെ ബാധിക്കാറ്. ഇതിനാണെങ്കില്‍ ആജീവനാന്തം ഇൻസുലിൻ എടുക്കേണ്ട അവസ്ഥ വരാം. ടൈപ്പ് 2 പ്രമേഹം ആണ് മുതിര്‍ന്നവരില്‍ കാണുന്നത്. ഇത് പക്ഷേ കുട്ടികളിലും ചില സന്ദര്‍ഭങ്ങളില്‍ കാണാം. ഒന്നുകില്‍ ശരീരത്തില്‍ ആവശ്യത്തിന് ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടാതിരിക്കുക, അതല്ലെങ്കില്‍ ഉള്ള ഇൻസുലിൻ ഹോര്‍മോണിനോട് ഫലപ്രദമായി പ്രതികരിക്കാൻ സാധിക്കാതിരിക്കുക എന്നതാണ് ടൈപ്പ് 2 പ്രമേഹാവസ്ഥ.

മുതിര്‍ന്നവരിലെ പോലെ ജീവിതരീതികള്‍ തന്നെയാണ് അധികവും കുട്ടികളിലും ടൈപ്പ് 2 പ്രമേഹം പിടിപെടാൻ കാരണമാകുന്നത്. മോശം ഭക്ഷണരീതി, കളികളോ കായികാധ്വാനമോ ഇല്ലാതെ അലസരായി തുടരുന്ന രീതി, അമിതവണ്ണം എന്നിവ പ്രധാന കാരണങ്ങളായി പറയാം.

എന്തായാലും കുട്ടികളില്‍ ഇത് ബാധിക്കപ്പെട്ടുവെന്ന് മനസിലാക്കാൻ അവരിലെ ലക്ഷണങ്ങള്‍ നമുക്ക് മനസിലാകേണ്ടതുണ്ട്. ഇതിന് ആദ്യം കുട്ടികളിലെ പ്രമേഹം (ടൈപ്പ് 2) ലക്ഷണങ്ങളെ കുറിച്ചറിയാം.

1- ഇടവിട്ട് മൂത്രശങ്ക അനുഭവപ്പെടുന്നതാണ് ഒരു ലക്ഷണം. അമിതമായ ദാഹവും ഇതോടൊപ്പം കാണാം. കുട്ടികള്‍ കിടക്കയിലോ വസ്ത്രത്തിലോ മൂത്രമൊഴിക്കുന്നുണ്ടോ, ഇടയ്ക്കിടെ ബാത്ത്റൂമില്‍ പോകുന്നുണ്ടോ, വെള്ളം കുടിക്കുന്നത് കൂടുതലാണോ, ദാഹം കൂടുതലുണ്ടോ എന്നെല്ലാം പരിശോധിക്കാവുന്നതാണ്.

2- അമിതമായ വിശപ്പും കുട്ടികളില്‍ കാണുന്നുവെങ്കില്‍ ശ്രദ്ധിക്കണം. ഇതും ടൈപ്പ് 2 പ്രമേഹലക്ഷണമായി വരുന്നതാകാം. വിശപ്പ് കൂടുതലാകുമ്പോഴും വണ്ണം കുറ‍ഞ്ഞാണ് വരുന്നതെങ്കിലും ശ്രദ്ധിക്കുക. ഇതും പ്രമേഹലക്ഷണമാണ്.

3- കുട്ടികളില്‍ സാധാരണ പോലെ ഉന്മേഷം ഇല്ലാതിരിക്കുക. എപ്പോഴും ഒരു തളര്‍ച്ച ബാധിച്ചിരിക്കുക- എന്നിവയുണ്ടെങ്കിലും ശ്രദ്ധിക്കുക, ഇതും പ്രമേഹലക്ഷണമാകാം. എത്ര വിശ്രമിച്ചാലും ഉറങ്ങിയാലുമെല്ലാം ഈ ക്ഷീണം ബാക്കിയായിരിക്കും.

4- കുട്ടികളുടെ കാഴ്ചാശക്തിയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളും ശ്രദ്ധിക്കണം. കാഴ്ച മങ്ങുന്നതായോ, കാണാൻ പ്രയാസം തോന്നുന്നതായോ, അവ്യക്തത തോന്നുന്നതായോ അവര്‍ പറഞ്ഞാല്‍ ശ്രദ്ധിക്കണം. ഇതും പ്രമേഹലക്ഷണം ആകാം.

5- കുട്ടികളില്‍ എന്തെങ്കിലും പരുക്കോ മുറിവോ സംഭവിച്ചാല്‍ അത് ഭേദമാകാൻ അധികസമയം എടുക്കുന്നുണ്ടെങ്കിലും കരുതലെടുക്കുക. ഇതും പ്രമേഹത്തിന്‍റെ ഒരു സൂചനയാണ്.

6- കുട്ടികളില്‍ പതിവില്ലാത്ത അസ്വസ്ഥത, മുൻകോപം, സങ്കടം എന്നിങ്ങനെ മാനസികാവസ്ഥകള്‍ മാറിമാറിവരുന്ന സാഹചര്യമുണ്ടെങ്കിലും കരുതലെടുക്കണം. ഇതും പ്രമേഹലക്ഷണമായി വരാവുന്ന ലക്ഷണങ്ങളാണ്.

7- കൈകാലുകളില്‍ മരവിപ്പ്, വിറയല്‍ എന്നിങ്ങനെയൊക്കെയുള്ള പ്രശ്നങ്ങളുണ്ടാകുന്നുണ്ടോ എന്നും ശ്രദ്ധിക്കണം. ഇതും പ്രമേഹ ലക്ഷണമാകാം.

Leave a Reply

Your email address will not be published. Required fields are marked *