Your Image Description Your Image Description
Your Image Alt Text

ഗാസ സിറ്റി: ക്രിസ്തുമസ് തലേന്ന് ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ-മഗാസി, ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയായിരുന്നു പ്രധാനമായും ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണം. അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ “കൂട്ടക്കൊല” എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇതിനിടെ ഖാൻ യൂനിസിന് കിഴക്ക് മാൻ ഏരിയയിലെ ഒരു കെട്ടിടസമുച്ചയത്തിൽ ആക്രമണം ഉണ്ടായതായി അൽജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതിനിടെ തെക്കൻ ഗാസയിൽ വ്യാപകമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതായും റിപ്പോർട്ടുണ്ട്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പരിക്കേറ്റവരിൽ പലരെയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്തുമസ് സന്ദേശത്തിൽ മാർപാപ്പ ഗാസക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ഹൃദയം ബെത്ലഹേമിലെന്ന് ക്രിസ്തുമസ് കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. യുദ്ധത്തിനിടെ സമാധാനത്തിൻ്റെ രാജകുമാരൻ നിരസിക്കപ്പെട്ടുവെന്നും മാർപാപ്പ പറഞ്ഞു.

ഇത്തവണ ലോകം ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് കടക്കുമ്പോൾ ഉണ്ണിയേശു പിറന്ന ബെത്‌ലഹേമിൽ മാത്രം ആരവവും ആഹ്ളാദവുമില്ല. ഇസ്രയേൽ-ഹമാസ് യുദ്ധത്തെ തുടർന്ന് വിശ്വാസികളെ കൊണ്ടും സഞ്ചാരികളാലും തിരക്കേറേണ്ടിയിരുന്ന ബെത്‌ലഹേം ഇന്ന് നിശബ്ദമാണ്. ആഘോഷങ്ങളില്ലാത്ത ബെത്‌ലഹേം പ്രേതന​ഗരത്തിന് തുല്യമായെന്ന് അന്താരഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചു.

എല്ലാ ക്രിസ്തുമസ് രാവുകളിലും മാംഗർ സ്‌ക്വയറിനെ സാധാരണയായി അലങ്കരിച്ചിരുന്ന ഉത്സവവിളക്കുകളും ക്രിസ്‌മസ് ട്രീയും ഇത്തവണ കാണുന്നില്ല. എല്ലാ വർഷവും അവധി ആഘോഷിക്കാൻ ഒത്തുകൂടുന്ന വിദേശ വിനോദസഞ്ചാരികളോ ആഹ്ളാദഭരിതരായ വിശ്വാസികളോ കരോൾ സംഘങ്ങളോ ഈ ഡിസംബറിൽ ബെത്‌ലഹേമിലില്ല. ശൂന്യമായ ന​ഗരത്തിൽ പട്രോളിംഗ് നടത്തുന്ന പലസ്തീൻ സുരക്ഷാ സേനയെ മാത്രമാണ് ബെത്‌ലഹേമിൽ കാണാനാകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹമാസ്-ഇസ്രയേൽ പേരാട്ടം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ 20,400ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *