Your Image Description Your Image Description
Your Image Alt Text

കുംഭച്ചൂടിന്റെ കാഠിന്യത്തിൽ ചുട്ടുപൊള്ളുന്ന ദിവസങ്ങൾ വരുന്നെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ഇതേ രൂപത്തിലേക്ക് പത്തനംതിട്ടയുടെ രാഷ്ട്രീയ കാലാവസ്ഥയും മാറുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ചൂട് നിറഞ്ഞിരിക്കുകയാണ് .

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ശക്തമായ ത്രികോണ മത്സരം നടന്ന , ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ഇത്തവണയും പോരാട്ടം തിളച്ചുമറിയുമെന്നാണ് ലഭിക്കുന്ന സൂചന. മൂന്ന് മുന്നണികളും നിലം ഉഴുതുമറിച്ച് ഒരുക്കിയിട്ടിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ സ്ഥാനാർത്ഥികൾ ആരൊക്കെയാവും എന്ന് വോട്ടർമാരിൽ ധാരണ പരന്നിട്ടുണ്ട്. തന്ത്രങ്ങൾ ഏതു നിമിഷവും മാറാമെന്നതുകൊണ്ട് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ടയിലെ ആറൻമുള, കോന്നി, റാന്നി, തിരുവല്ല, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം.

യു.ഡി.എഫിൽ കോൺഗ്രസിന്റെ കുത്തക സീറ്റാണ് പത്തനംതിട്ട. മണ്ഡലം രൂപീകരിച്ച 2009 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ആന്റോ ആന്റണിയാണ് വിജയക്കൊടി നാട്ടിയത്. എതിരാളികളുയർത്തിയ വെല്ലുവിളി ചെറുതല്ല. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കരുത്തു കണ്ട മണ്ഡലമാണിത്.

ഹാ‌ട്രിക് നേട്ടവുമായി പാർലമെന്റിലെത്തിയ ആന്റോ ആന്റണി നാലാമതും മത്സരിക്കുമെന്ന സൂചന ശക്തമാണ്. ആദ്യ തവണത്തേപ്പോലെ ഈസി വാക്കോവർ ആയിരുന്നില്ല തുടർന്നുള്ള രണ്ടു തിരഞ്ഞെടുപ്പകളിലും .

2009ൽ ഒരു ലക്ഷത്തിലേറെ വോട്ടുകളായിരുന്നു ഭൂരിപക്ഷം. സി.പി.എമ്മിലെ കെ. അനന്തഗോപനായിരുന്നു പ്രധാന എതിരാളി. 2014ൽ ആന്റോയുടെ ഭൂരിപക്ഷം അറുപതിനായിരത്തിൽ താഴെയായി കുറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രകനായിരുന്ന ഫിലിപ്പോസ് തോമസ് രണ്ടാം വട്ടം എതിരാളിയായി.

മുൻ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി നിർവാഹകസമിതിയംഗവുമയിരുന്ന ഫീലിപ്പോസിന് കോൺഗ്രസിന്റെ ശക്തിയും ദൗർബല്യവും നന്നായിട്ടറിയാം. ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ഇടതു സ്വതന്ത്രനായി മത്സരിച്ച ഫിലപ്പോസിലൂടെ കഴിഞ്ഞത് ഇടതുമുന്നണിക്ക് നേട്ടമായി.

ബിജെപിയുടെ എം.ടി രമേശ് അവരുടെ വോട്ടു ശതമാനം ഗണ്യമായി വർദ്ധിപ്പിച്ചു. ശബരിമല വിഷയം വലിയ പ്രചരണമായി മാറിയ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത്. ഇടതു സ്ഥാനാർത്ഥി വീണാജോർജും ബിജെപി സ്ഥാനാർത്ഥി സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ എതിരാളികൾ.

തിളച്ചു മറിഞ്ഞ പോരിൽ ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത് അര ലക്ഷത്തിൽ താഴെ വേട്ടുകൾക്കാണ്. ശക്തരായ രണ്ട് എതിരാളികളെ പിന്നിലാക്കി ആന്റോ നേടിയ വിജയത്തിന് തിളക്കമേറെയായിരുന്നു. മണ്ഡലത്തിൽ എം.പി നടത്തിയ വികസന പ്രവർത്തനങ്ങളും മത സാമുദായിക വോട്ടു ബാങ്കും യു.ഡി.എഫിനെ തുണച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പ് ഇടതു മുന്നണിക്കും എൻ.ഡി.എയ്ക്കും വലിയ ആത്മവിശ്വാസം നൽകി. ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ നിറുത്തിയാൽ വിജയിക്കാമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കുണ്ട്. കോട്ടയം മണ്ഡലം കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

പകരം കേരള കോൺഗ്രസിന് പത്തനംതിട്ട സീറ്റ് നൽകാമെന്ന ആഭിപ്രായം കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ട്. സീറ്റ് പരസ്പരം വച്ചുമാറിയാൽ ആന്റോ ആന്റണി കോട്ടയത്തേക്കു കളം മാറിയേക്കും. കേരളകോൺഗ്രസ് മത്സരിക്കുകയാണെങ്കിൽ സംസ്ഥാന നേതാവിനെ രംഗത്തിറക്കിറക്കും.

ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ മണ്ഡലങ്ങളിൽ ഇടതുമുന്നണി പരിഗണിക്കുന്നത് മുൻ മന്ത്രി തോമസ് ഐസക്കിനെയും മുൻ എം.എൽ.എ രാജു ഏബ്രഹാമിനെയുമാണ്. സി.പി.എമ്മിൽ പത്തനംതിട്ടയുടെ ചുമതലയുള്ള കേന്ദ്രകമ്മറ്റിയംഗമാണ് തോമസ് ഐസക്.

പ്രവാസികൾ ഏറെയുള്ള ജില്ലയിൽ പ്രവാസി മലയാളി സംഗമം നടത്തി ഐസക് മണ്ഡലത്തിൽ ചുവടുറപ്പിച്ചിട്ടുണ്ട്. റാന്നിയിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ എം.എൽ.എ ആയ രാജു ഏബ്രഹാം പാർട്ടിയുടെ ജനകീയ മുഖമാണ്.

ക്രൈസ്തവ വോട്ടുകളെ ക്രോഡീകരിച്ച് ഇടതു മുന്നണിക്കൊപ്പമാക്കാൻ ഒന്നുകിൽ തോമസ് ഐസക് അല്ലെങ്കിൽ രാജു ഏബ്രഹാം എന്നാണ് സി.പി.എം ആലോചിക്കുന്നത്. അതേസമയം, ഓർത്തഡോക്സ്, യാക്കോബായ സഭകൾ തമ്മിലുള്ള തർക്കങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടുകളിൽ ഓർത്തഡോക്സ് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്.

തിരഞ്ഞെടുപ്പിൽ ഓർത്തഡോക്സ് നിലപാട് എതിരായാൽ മണ്ഡലത്തിലെ മറ്റ് സ്വാധീന ശക്തികളായ കത്തോലിക്ക, ക്നാനായ വിഭാഗങ്ങളെ ഒപ്പം ചേർക്കാനാണ് സി.പി.എം നീക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്ന് ലക്ഷത്തോളം വോട്ടുകൾ നേടിയ ബി.ജെ.പി ഇത്തവണ ശക്തനായ സ്ഥാനാർത്ഥിയെ തിരയുന്നതിനിടെയാണ് പി.സി ജോർജ് ബി.ജെ.പിയിൽ ചേർന്നത്.

ക്രൈസ്തവ സഭകളിലുള്ള ജോർജിന്റെ സ്വാധീനം എൻ.ഡി.എയ്ക്ക് ഗുണം ചെയ്യുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിയുള്ള വൈകാരിക പ്രചരണമാണ് ബി.ജെ.പിക്ക് വൻ മുന്നേറ്റമുണ്ടാക്കിയത്.

2014 ൽ എം.ടി രമേശ് നേടിയ ഒന്നര ലക്ഷേത്തോളം വോട്ടുകളുടെ അടിത്തറയിൽ നിന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഉയർന്നത്. ഇത്തവണ രണ്ട് ലക്ഷത്തിനടുത്ത് അടിസ്ഥാന വോട്ടുകൾ കണക്കാക്കിയാകും ബി.ജെ.പി പ്രചാരണം കൊഴുപ്പിക്കുക.

മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥികൾ ക്രൈസ്തവരായാൽ, സമുദായ വോട്ടുകൾ മൂന്നായി ഭിന്നിക്കുമെന്നാണ് ബി.ജെ.പിയുടെ ധാരണ. അടിസ്ഥാന ഹൈന്ദവ വോട്ടുകൾക്കൊപ്പം ക്രിസ്ത്യൻ വോട്ടുകളും മോദി ഭരണത്തിന്റെ മികവിലൂടെ ലഭിക്കുന്ന വോട്ടുകളും കൂടി ചേർന്നാൽ വിജയ സാദ്ധ്യതയെന്നാണ് ബി.ജെ.പി ക്യാമ്പിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *