Your Image Description Your Image Description
Your Image Alt Text

തെളിഞ്ഞ ചിരിയും നല്ല ഉറക്കവും… ഇവ ഡോക്ടറുടെ കൈയിലെ ‘ദിവ്യ ഔഷധം’ എന്ന്‌ പറയാറുണ്ട്‌. നല്ല ചിരി ഒരാളിൽ ഉണ്ടാവാൻ ശാരീരിക, മാനസിക സൗഖ്യം പ്രധാനമാണ്. അതുപോലെയാണ്‌ ഉറക്കത്തിന്റെ കാര്യവും. നല്ല ഉറക്കത്തിന്‌ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം അത്യന്താപേക്ഷിതമാണ്.

എന്താണ് ഉറക്കം
തലച്ചോറിലെ കോശങ്ങളുടെയും ഹോർമോണുകളുടെയും ന്യൂറോട്രാൻസ്മിറ്ററുകളുടെയും ന്യൂറോപെപ്റ്റയിഡുകളുടെയും ശരീരത്തിന്റെ ജൈവികതാളത്തിന്റെയുമെല്ലാം സംയുക്തപ്രവർത്തനഫലമാണ്‌ ഉറക്കം. പ്രായപൂർത്തിയായ ഒരു മനുഷ്യൻ ദിവസവും ഏഴരമുതൽ എട്ടുമണിക്കൂർവരെ ഉറങ്ങണമെന്നാണ്‌ ശാസ്ത്രീയമായ കണക്ക്‌.

എന്തിന് ഉറങ്ങണം
തലച്ചോറിലെ കോശങ്ങൾക്ക്‌ വിശ്രമം നൽകുന്ന പ്രക്രിയകൂടിയാണ് ഉറക്കം. ശരീരകോശങ്ങൾ ഉറക്കത്തിലും പ്രവർത്തിച്ചു കൊണ്ടിരിക്കുമെങ്കിലും അവയുടെ പ്രവർത്തനങ്ങൾ ചിട്ടയാക്കാൻ ഉറക്കം സഹായിക്കുന്നു. പ്രധാനമായും രണ്ട് ധർമങ്ങളാണ്‌ ഉറക്കം നിർവഹിക്കുന്നത്. ഒന്ന്‌, മനുഷ്യഓർമകളെ ചിട്ടപ്പെടുത്തുകയെന്നതാണ്. തലച്ചോറിലെ മെറ്റാബോളിക്‌ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന മാലിന്യങ്ങൾ പുറംതള്ളുകയെന്നതാണ്‌ രണ്ടാമത്തേത്‌. ഉറക്കത്തിൽമാത്രം നടക്കുന്ന ഒരു പ്രക്രിയയാണത്. അൽഷിമേഴ്സ്, പാർക്കിൻസൺസ്‌ പോലുള്ള ന്യൂറോ ഡീജനറേറ്റീവ്‌ രോഗങ്ങൾക്ക്‌ പ്രധാന കാരണമാവുന്നത് ഇത്തരത്തിൽ മാലിന്യം തലച്ചോറിലെ കോശങ്ങളിൽ അടിഞ്ഞുകൂടുന്നതാണെന്നാണ്‌ നിഗമനം. വിഷയത്തിൽ പഠനങ്ങൾ തുടരുകയാണ്‌.

ഉറക്കമില്ലായ്മ എന്ന രോഗം
ഒരാളുടെ ദൈനംദിന പ്രവർത്തനങ്ങളെ ഉറക്കമില്ലായ്മ ബാധിക്കുമ്പോൾ ശാരീരികാവസ്ഥ എന്നതിൽനിന്നും അത്‌ രോഗ (Insomnia)മായിമാറുന്നു. ദീർഘയാത്രകളുടെ ഭാഗമായുള്ള ജെറ്റ്‌ലാഗ്‌, രാത്രികാല ജോലിമൂലമുണ്ടാകുന്ന ഉറക്ക വ്യതിയാനം, മറ്റുരോഗങ്ങൾ, മരുന്നുകൾ എന്നിവ മൂലമുള്ള ഉറക്കമില്ലായ്മ എന്നിവ അക്യൂട്ട്
ഇൻസോംനിയായാണ്‌ കരുതുന്നത്. താൽക്കാലികമായി ഉണ്ടാകുന്ന ഈ അവസ്ഥ ഗുരുതരമല്ല. എന്നാൽ, ഉറക്കമില്ലായ്മ ആഴ്ചകളോളം നീണ്ടാൽ (Chronic Insomnia) അതിനുപിന്നിലുള്ള കാരണം കണ്ടെത്തണം. വിവിധ കാരണങ്ങളാൽ ഇത്തരത്തിലുള്ള ഉറക്കമില്ലായ്മ ഉണ്ടാകുന്നു. പലപ്പോഴും ഉൽക്കണ്‌ഠയാണ്‌  ക്രോണിക് ഇൻസോംനിയക്ക് പ്രധാന കാരണമാവുന്നത്. ഹ്രസ്വകാല ഉറക്കമില്ലായ്മ പലപ്പോഴും ഒന്നോ രണ്ടോ ആഴ്‌ച നീണ്ടു നിൽക്കുന്ന ചികിത്സയിൽ പരിഹരിക്കപ്പെടും. എന്നാൽ, ദീർഘകാലം നീണ്ടുനിൽക്കുന്ന ഉറക്കമില്ലായ്മ പരിഹരിക്കാൻ സൈക്കാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സഹായം ആവശ്യമായി വരും. യഥാസമയം കൃത്യമായ ചികിത്സ ലഭിച്ചാൽ പരിഹരിക്കാവുന്ന രോഗമാണിത്‌.

അമിത ഉറക്കമോ
പകൽ സമയത്തെ അമിതമായ  ഉറക്കം പലപ്പോഴും ശാരീരിക അവസ്ഥയുടെ ഫലമാണ്. ഹൈപ്പോ തൈറോയിഡിസം, ഡയബെറ്റിസ്‌ എന്നിവ അമിതമായ ഉറക്കത്തിന്‌ പ്രധാന കാരണങ്ങളാണ്. വിവിധതരം മരുന്നുകളും അമിത ഉറക്കത്തിന്‌ കാരണമാവുന്നുണ്ട്. സോഡിയം, കാൽസ്യം, തയാമിൻപോലുള്ള വിറ്റാമിനുകളുടെ അപര്യാപ്തത എന്നിവയും അമിതമായ പകലുറക്കത്തിന്‌ കാരണമാവും. കൃത്യമായ പരിശോധനയിലൂടെ അമിത പകലുറക്കത്തിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *