Your Image Description Your Image Description

രാഷ്ട്രീയക്കാറ്റിൽ വന്മരങ്ങൾ കടപുഴകിയ മണ്ണാണ് ആറ്റിങ്ങലിന്റേത്. പ്രവചനാതീതമാണ് ഇവിടെ വോട്ടർമാരുടെ മനസ്സ്. 1967ൽ കോൺഗ്രസിലെ അതികായൻ ആർ. ശങ്കർ സി,.പി.എമ്മിലെ കെ. അനിരുദ്ധനു മുന്നിൽ വീണു. 1989ൽ മണ്ഡലത്തിൽ കന്നിയങ്കത്തിനെത്തിയ സി.പി.എമ്മിന്റെ സുശീലാ ഗോപാലൻ കോൺഗ്രസിലെ തലേക്കുന്നിൽ ബഷീറിനോട് തോറ്റു.

ഇടതുകോട്ടയായിരുന്ന മണ്ഡലം പിടിക്കാനെത്തിയ വയലാർരവി 1971ലും 1977ലും വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചതും,​ പിന്നീട് കോൺഗ്രസിലെ എ.എ. റഹിമിനു മുന്നിൽ 1980 ൽ പരാജയപ്പെട്ടതും,​ മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച എ. സമ്പത്തിന് കഴിഞ്ഞ തവണ കാലിടറിയതും ചരിത്രം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.നേതാവ് ശോഭാ സുരേന്ദ്രന് രണ്ടു ലക്ഷത്തിൽപ്പരം വോട്ടാണ് കിട്ടിയത്. ഇത്തവണ ആറ്റിങ്ങലിനെ കാര്യമായിത്തന്നെ ഗൗനിക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.സിറ്റിംഗ് എം.പി അടൂർ പ്രകാശ് തന്നെ വീണ്ടും മത്സരിക്കുമെന്നാണ് കോൺഗ്രസ് ക്യാമ്പിലെ സംസാരം.

യുവനേതാവ് ശബരീനാഥന്റെ പേരും കേൾക്കുന്നുണ്ട്. മുതിർന്ന നേതാവും രാജ്യസഭാ എം.പി.യുമായ വി. മുരളീധരനെ ബി.ജെ.പി പരിഗണിക്കുമ്പോൾ,​ രാജ്യസഭാ എം.പിയും യുവജന നേതാവുമായ എ.എ. റഹിം, വി.കെ. പ്രശാന്ത് എ.എൽ.എ . സി.പി.എം ജില്ലാ സെക്രട്ടറി വി. ജോയി എന്നിവരാണ് സിപിഎമ്മിന്റെ പരിഗണനയിൽ. എ. സമ്പത്തും പരിഗണിക്കപ്പെട്ടേക്കും.

മണ്ഡലത്തിലുൾപ്പെട്ട ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഇടത് എം.എൽ.എമാരാണ്. കോൺഗ്രസിനൊപ്പമായിരുന്ന അരുവിക്കരയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി തിരിച്ചുപിടിച്ചു. വർക്കല, നെടുമങ്ങാട് മുനിസിപ്പാലിറ്റികളും ഇടതുഭരണത്തിലാണ് .

ഭൂരിപക്ഷം പഞ്ചായത്തുകളും ഭരിക്കുന്നത് എൽ.ഡി.എഫ് തന്നെ. അടൂർപ്രകാശിന്റെ സ്വീകാര്യത കഴിഞ്ഞാൽ,​ വർദ്ധിച്ചുവരുന്ന ബി.ജെ.പി സാന്നിദ്ധ്യമാണ് ഇടതുപക്ഷത്തിന്റെ ആശങ്ക. കേവലം ഏഴു ശതമാനത്തിൽ നിന്ന് 24 ശതമാനത്തിലേക്കാണ് ആ കുതിപ്പ്. കേന്ദ്രമന്ത്രി വി. മുരളീധരനെ ആറ്റിങ്ങലിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പി നീക്കം നടത്തുന്നത് ,

മണ്ഡലത്തിൽ സജീവമായ അദ്ദേഹത്തിന് ആറ്റിങ്ങൽ മാർക്കറ്റിനു സമീപം ഓഫീസുണ്ട്. മാസത്തിൽ രണ്ടുതവണ അദ്ദേഹം ഓഫീസിലുണ്ടാകും. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട അക്ഷത വിതരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകളിലെത്തിയത് ആറ്റിങ്ങലിലാണ്. സി.പി.എമ്മിന്റെ ഉറച്ച കോട്ടയായിരുന്ന ആറ്റിങ്ങലിൽ കഴിഞ്ഞ തവണത്തെ തോൽവി പാർട്ടിക്ക് ക്ഷീണമായി.

ഇക്കുറി എ.എ. റഹീമിനെയോ,​ അദ്ദേഹം രാജ്യസഭാംഗമായതിനാൽ മറ്റൊരാളെയോ പരിഗണിക്കും. ജില്ലയിലെ കരുത്തനും പാർട്ടി ജില്ലാ സെക്രട്ടറിയുമായ വി. ജോയിയെ നിർത്തുന്നതും ആലോചിക്കുന്നുണ്ട്. ജനസമ്മതിയുള്ള ജോയിക്ക് നല്ല പ്രതിച്ഛായയുമുണ്ട്.

16 തിരഞ്ഞെടുപ്പുകളിൽ ഇടതു സ്ഥാനാർഥികൾ 11 തവണ ജയിച്ചപ്പോൾ അഞ്ചു തവണ മാത്രമാണ് മണ്ഡലം കോൺഗ്രസിനെ തുണച്ചത്. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം,അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം.

Leave a Reply

Your email address will not be published. Required fields are marked *