Your Image Description Your Image Description
Your Image Alt Text

2004 ല്‍ തുടക്കമിട്ട ഫെയ്‌സ് ബുക്കിന് 20 വയസ്. അതിവേഗം വളര്‍ന്ന ഫെയ്‌സ് ബുക്ക് ഇന്ന് ആഗോള സാങ്കേതിക വിദ്യാ ഭീമന്മാരില്‍ മുന്‍നിരയിലുള്ള സ്ഥാപനങ്ങളിലൊന്നാണ്. ഏറ്റവും ശക്തരായ സോഷ്യല്‍ മീഡിയാ കമ്പനിയുമാണ് മെറ്റ എന്ന് പേര് മാറിയ ഫെയ്‌സ്ബുക്ക് കമ്പനി. ഇന്‍സ്റ്റാഗ്രാമില്‍ ഫെയ്‌സ്ബുക്കിലെ ചില പഴയ കാല നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് പങ്കുവെച്ചിട്ടുണ്ട്.

ഇരുപത് വര്‍ഷം മുമ്പ്, ഞാന്‍ ഒരു കാര്യം ആരംഭിച്ചു. പിന്നീടുള്ള വഴിയില്‍, അതിശയിപ്പിക്കുന്ന ധാരാളം ആളുകള്‍ വന്നുചേര്‍ന്നു, ഞങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായ കാര്യങ്ങള്‍ നിര്‍മിച്ചു. ഞങ്ങള്‍ ഇപ്പോഴും അത് ചെയ്യുന്നു. ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. സക്കര്‍ബര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ 2004 ലെ തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചു.

അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഫെയ്‌സ്ബുക്കിന് പത്ത് ലക്ഷം ഉപഭോക്താക്കളെ ലഭിച്ചു. നാല് വര്‍ഷം കൊണ്ട് അക്കാലത്തെ എതിരാളിയായ മൈസ്പേസിനെ മറികടന്നു. 2012 ആയപ്പോഴേക്കും പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടന്നു. 2023 അവസാനത്തോടെ ഫെയ്‌സ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 211 കോടിയാണ്. ഇപ്പോള്‍ മെറ്റ പ്ലാറ്റ്ഫോംസ് എന്ന മാതൃസ്ഥാപനത്തിന് കീഴിലാണ് ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍, വാട്സാപ്പ് ഉള്‍പ്പടെയുള്ള മുന്‍നിര സേവനങ്ങള്‍. 2023 നാലാം പാദത്തില്‍ ഈ സേവനങ്ങള്‍ക്കെല്ലാം കൂടി 319 കോടി പ്രതിദിന ഉപഭോക്താക്കളുണ്ട്. 2023 ഡിസംബറിലെ കണക്കനുസരിച്ച് പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 398 കോടിയാണ്. മെറ്റായുടെ ഓഹരി മൂല്യം വര്‍ധിച്ചതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ അഞ്ചാമനാണ് സക്കര്‍ബര്‍ഗ്. പരസ്യവിതരണ രംഗത്ത് ഗൂഗിളിനൊപ്പം ശക്തരാണ് മെറ്റ.

2023 അവസാന പാദത്തില്‍ 4000 കോടി ഡോളറിലേറെ വരുമാനമാണ് മെറ്റയ്ക്ക് ലഭിച്ചത്. ഇതില്‍ 1400 കോടി ഡോളര്‍ ലാഭമാണ്. കഴിഞ്ഞ 20 വര്‍ഷക്കാലത്തിനിടെ വലിയ പ്രതിബന്ധങ്ങളിലൂടെയും കമ്പനി കടന്നുപോയിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയതിന് പലതവണ വന്‍തുക പിഴയായി കമ്പനിക്ക് വിവിധ രാജ്യങ്ങളില്‍ നല്‍കേണ്ടി വന്നിട്ടുണ്ട്. 2022 ല്‍ വിവരച്ചോര്‍ച്ചയുടെ പേരില്‍ 26.5 കോടി യൂറോയാണ് ഫെയ്‌സ്ബുക്ക് പിഴയായി നല്‍കിയത്. 2023 ല്‍ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷനും യൂറോപ്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ വിദേശത്തേക്ക് കടത്തിയതിന് 120 കോടി യൂറോ പിഴ വിധിച്ചിരുന്നു. ഇതില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ് കമ്പനി. ഏറ്റവും ഒടുവില്‍ കമ്പനി അവതരിപ്പിച്ച സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. നിലവില്‍ 13 കോടി പ്രതിമാസ സജീവ ഉപഭോക്താക്കളാണ് ത്രെഡ്സിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *