Your Image Description Your Image Description
Your Image Alt Text

കരള്‍ നമ്മുടെ ശരീരത്തില്‍ എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നൊരു അവയവമാണെന്നത് എടുത്ത് പറയേണ്ടതില്ല. ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്തതോ അല്ലെങ്കില്‍ ദോഷമോ ആകുന്ന പദാര്‍ത്ഥങ്ങള്‍, വിഷാംശങ്ങള്‍ എല്ലാം പുറന്തള്ളി ശരീരത്തെ ശുദ്ധിയാക്കുന്ന ധര്‍മ്മമാണ് കരള്‍ പ്രധാനമായും ചെയ്യുന്നത്. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ വേര്‍തിരിച്ചെടുത്ത് വൈറ്റമിനുകളെയും മിനറലുകളെയും (ധാതുക്കള്‍) സൂക്ഷിക്കുക, ദഹനത്തിനാവശ്യമായ പിത്തരസമുത്പാദിപ്പിക്കുക, ഷുഗര്‍ നിയന്ത്രിക്കുക,  ആവശ്യാര്‍ത്ഥം രക്തം കട്ട പിടിപ്പിക്കാൻ വേണ്ട പ്രോട്ടീൻ ഉത്പാദിപ്പിക്കുക എന്നിങ്ങനെ വളരെയധികം ഗൗരവമുള്ള പ്രവര്‍ത്തനങ്ങളാണ് കരള്‍ നടത്തുന്നത്.

ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടതും അത്രയും പ്രധാനമാണ്. കരളിന്‍റെ ആരോഗ്യത്തെ പറ്റി പറയുമ്പോള്‍ മിക്കവരും മദ്യത്തെ കുറിച്ചാണോര്‍ക്കുക. മദ്യപാനമാണ് കരളിനെ പ്രശ്നത്തിലാക്കുന്ന ഏക കാര്യമെന്ന നിലയിലാണ് പലരും മനസിലാക്കുന്നത്.

എന്നാല്‍ മദ്യം മാത്രമല്ല നാം കഴിക്കുന്ന മറ്റ് പല ഭക്ഷണങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നല്ലതല്ല എന്നാണ് സത്യം. ഇത്തരത്തില്‍ കരളിന്‍റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്…

സോഫ്റ്റ് ഡ്രിങ്ക്സ് അഥവാ ശീതളപാനീയങ്ങള്‍ പതിവായി കഴിക്കുന്നത് കരളിന് ദോഷമാണ്. ഉയര്‍ന്ന അളവില്‍ കൃത്രിമമധുരം അടങ്ങിയിരിക്കുന്നതിനാലാണ് ഇവ കരളിന് ദോഷകരമാകുന്നത്. കരളിന് മാത്രമല്ല, മറ്റ് പല അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും വെല്ലുവിളിയാണ് ശീതളപാനീയങ്ങള്‍. പാക്കറ്റ്- കുപ്പി ജ്യൂസുകളും പതിവായി കഴിക്കുന്നത് നല്ലതല്ല. ഇവയിലും കൃത്രിമമധുരം കാര്യമായി അടങ്ങിയിരിക്കുന്നു.

രണ്ട്…

ഫ്രൈഡ് ഫുഡ്സ് പതിവായി കഴിക്കുന്നതും കരളിന് നല്ലതല്ല. അതിനാല്‍ തന്നെ ഈ ശീലവും ഉപേക്ഷിക്കേണ്ടതാണ്. കഴിയുന്നതും വീട്ടില്‍ തയ്യാറാക്കുന്ന വൃത്തിയുള്ളതും ആരോഗ്യകരവുമായ വിഭവങ്ങള്‍ തന്നെ കഴിക്കുക.

മൂന്ന്…

പ്രോസസ്ഡ് ഫുഡ്സും അധികമാകുന്നത് കരളിന് നല്ലതല്ല. പ്രത്യേകിച്ച് പ്രോസസ്ഡ് മീറ്റ്. സോസേജ്, ഹോട്ട് ഡോഗ്സ്, ബേക്കണ്‍ എല്ലാം ഇതിനുദാഹരണമാണ്. ഇവയിലെല്ലാം കേടാകാതിരിക്കാൻ ഉയര്‍ന്ന അളവില്‍ പ്രിസര്‍വേറ്റീവ്സും അഡിറ്റീവ്സും ( രുചിക്കും ഗന്ധത്തിനും ചേര്‍ക്കുന്നത്) ചേര്‍ക്കുന്നുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതല്ല. പ്രത്യേകിച്ച് കരളിന്. പതിവായി പ്രോസസ്ഡ് മീറ്റ്സ് കഴിക്കുന്നവരില്‍ ‘നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ രോഗം വരാമെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

നാല്…

സോഡിയം ഉയര്‍ന്ന അളവില്‍ അടങ്ങിയ ഭക്ഷണങ്ങളും കരളിന് അത്ര നല്ലതല്ല. സോഡിയം എന്നാല്‍ ഉപ്പ്. ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് പറയുമ്പോള്‍ പലരും ഉണക്കമീനോ അച്ചാറോ പപ്പടമോ എല്ലാമാണ് ആലോചിക്കുക. ഇവയെല്ലാം പരിമിതപ്പെടുത്തുന്നത് നല്ലതുതന്നെ. എന്നാല്‍ ഏറെയും ശ്രദ്ധിക്കേണ്ടത് ടിൻഡ്- പാക്കറ്റ് വിഭവങ്ങളാണ്. ടിന്നിലും പാക്കറ്റിലുമെല്ലാം വരുന്ന ഭക്ഷണസാധനങ്ങളിലെല്ലാം ഉപ്പ് അധികമായി ചേര്‍ത്തിരിക്കും. പ്രോസസ്ഡ് ഫുഡ്സില്‍ സോഡിയം കാണും. അതിനാല്‍ ഇവ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.

അഞ്ച്…

ട്രാൻസ്-ഫാറ്റുകളും കരളിന് അത്ര നല്ലതല്ല. കൃത്രിമമായി ഉത്പാദിപ്പിച്ചെടുക്കുന്ന ഫാറ്റ് ആണ് ട്രാൻസ് ഫാറ്റ്. ബേക്ക് ചെയ്ത ഭക്ഷണസാധനങ്ങളിലെല്ലാം ട്രാൻസ് ഫാറ്റ് കാര്യമായി അടങ്ങിയിരിക്കും. കുക്കീസ്, പേസ്ട്രികള്‍, ചിപ്സ് എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

ആറ്…

ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പും പതിവായി കഴിക്കുന്നത് കരളിന് നല്ലതല്ല. ആഡഡ് ഷുഗര്‍ ആയതിനാലാണ് ഇത് കരളിന് ദോഷകരമാകുന്നത്. ‘നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍’ രോഗത്തിലേക്കെല്ലാം ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് പതിവായി ഉപയോഗിക്കുന്നത് നയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *