Your Image Description Your Image Description
Your Image Alt Text

ചുമയും ജലദോഷവും തൊണ്ടവേദനയുമെല്ലാം വ്യാപകമായിക്കൊണ്ടിരിക്കുന്നൊരു സാഹചര്യമാണിത്. കാലാവസ്ഥാ മാറ്റമാണ് പ്രധാനമായും ഇത്രമാത്രം ആളുകളില്‍ ഇങ്ങനെ ചുമയും ജലദോഷവും പിടിപെടാൻ കാരണമായി ഡോക്ടര്‍മമാര്‍ ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ കൊവിഡിന്‍റെ അനന്തര ഫലമായി ധാരാളം പേരില്‍ രോഗപ്രതിരോധശേഷി ദുര്‍ബലമായതു്ം ഇതിലേക്ക് നയിക്കുന്നതായി കരുതപ്പെടുന്നു.

ആന്‍റിബയോട്ടിക്കുകള്‍ നിരന്തരം ഉപയോഗിച്ചത് കൊണ്ട് ഈ പ്രയാസങ്ങള്‍ക്ക് അറുതിയുണ്ടാകണമെന്നില്ല. മറിച്ച് ചുമയ്ക്കും തൊണ്ടവേദനയ്ക്കുമെല്ലാം ആശ്വാസം ലഭിക്കുന്നതിനായി വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്തുനോക്കാവുന്നതാണ്.

ഇത്തരത്തില്‍ ചുമയില്‍ നിന്നും തൊണ്ടവേദനയില്‍ നിന്നും വളരെയധികം ആശ്വാസം നല്‍കുന്നതിന് സഹായിക്കുന്നൊരു കഫ് സിറപ്പ് വീട്ടില്‍ തന്നെ തയ്യാറാക്കിയാലോ? തേനും ഉള്ളിയുമാണ് ഇതിന് വേണ്ട പ്രധാന ചേരുവകള്‍. പരമ്പരാഗതമായി വീടുകളില്‍ തയ്യാറാക്കി വരുന്ന, മികച്ച ഫലമുള്ളൊരു കഫ് സിറപ്പ് തന്നെയാണിത്.

പലര്‍ക്കും അറിയുമായിരിക്കും ഉള്ളിക്ക് തൊണ്ടവേദനയും ചുമയുമെല്ലാം ലഘൂകരിക്കാനുള്ള കഴിവുണ്ട്. ഉള്ളിയിലുള്ള സള്‍ഫര്‍ കോമ്പൗണ്ട്സും മറ്റുമാണ് ഇതിന് സഹായിക്കുന്നത്. ബാക്ടീരിയല്‍, വൈറല്‍ അണുബാധകള്‍ക്കെല്ലാം എതിരെ പോരാടാനുള്ള കഴിവും ഉള്ളിക്കുണ്ട്. തേനും ഇങ്ങനെ തന്നെ. പരമ്പരാഗതമായി ഔഷധമായി കണക്കാക്കുന്ന തേനിനും പലവിധ അണുബാധകളോടും പൊരുതുന്നതിനുള്ള കഴിവുണ്ട്. ഒപ്പം തൊണ്ടവേദനയും ചുമയും ലഘൂകരിക്കാനും ഇതിന് സാധിക്കും.

ഉള്ളിയും തേനും കൂടി ചേര്‍ത്ത് എങ്ങനെയാണ് ഈ ‘ഹോം മെയ്ഡ് കഫ് സിറപ്പ്’ ഉണ്ടാക്കുന്നത് എന്ന് നോക്കാം.

ഒരു വലിയ സ്പൂണ്‍ നിറയെ ഉള്ളി ചെറുതായി മുറിച്ചതെടുക്കുക. ഇനിയിതൊരു ജാറിലേക്ക് മാറ്റണം. ഇതിന് മുകളിലായി രണ്ട് വലിയ സ്പൂൺ തേന്‍ കവര്‍ ചെയ്യുംപോലെ ഒഴിക്കണം. ഇതുതന്നെ 5-6 തവണ ചെയ്യണം. ജാര്‍ നിറയുന്നത് വരെ ചെയ്യാം. നിറഞ്ഞുകഴിഞ്ഞാല്‍ ഇത് അടപ്പിട്ട് നന്നായി മൂടി കുറഞ്ഞതൊരു 6 മണിക്കൂറെങ്കിലും വയ്ക്കുക. ഇതോടെ കഫ് സിറപ്പ് റെഡി. ഇനിയിത് അല്‍പാല്‍പമായി കഴിച്ചാല്‍ മതി. ദിവസവും രണ്ടോ മൂന്നോ സ്പൂണ്‍ വീതമായി രണ്ടോ മൂന്നോ നേരമേ കഴിക്കേണ്ടതുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *