Your Image Description Your Image Description
Your Image Alt Text

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. കഴിഞ്ഞ ഒരുവര്‍ഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയില്‍ ആയിരുന്നുവെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാത്രി പതിനൊന്നരയ്ക്ക് വീട്ടില്‍വച്ച് ബോണ്ട മണി ബോധരഹിതനായി. ഉടന്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുക ആയിരുന്നു.

1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് ബോണ്ടാ മണി വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഹാസ്യവേഷത്തില്‍ എത്തി. വടിവേലു, വിവേക് എന്നിവര്‍ക്കൊപ്പം അദ്ദേഹം ചെയ്ത വിവിധ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ‘പരുവ കാതല്‍’ എന്ന തമിഴ് ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. വൃക്ക തകരാറില്‍ ആയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ബോണ്ട മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരു വൃക്കകളും തകരാറില്‍ ആയ അദ്ദേഹം മാസത്തില്‍ ഒരിക്കല്‍ ഡയാലിസിസിനായി ആശുപത്രിയില്‍ പോകുമായിരുന്നു. ചികില്‍സാ ചെലവുകള്‍ക്കായി നടന്‍ ബുദ്ധിമുട്ടുന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.

സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ തന്നെ രംഗത്തെത്തി. ഇത് ശ്രദ്ധയില്‍പ്പട്ട വിജയ് സേതുപതി ഒരുലക്ഷം രൂപ അദ്ദേഹത്തിന് നല്‍കിയികുന്നു. വടിവേലുവും ചികിത്സ സഹായം ഉറപ്പ് നല്‍കിയിരുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് ഇഷാരി കെ. ഗണേഷ് ബോണ്ട മണിയോട് ഓപ്പറേഷനും ഡയാലിസിസിനും വിധേയനാകാന്‍ പറഞ്ഞതായും ചികിത്സാച്ചെലവിനെക്കുറിച്ച് വിഷമിക്കേണ്ടെന്നും പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ധനുഷ്, സമുദ്രക്കനി തുടങ്ങിയവരും സഹായവുമായി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *