Your Image Description Your Image Description

പത്തനംതിട്ട: നീണ്ട കാലം കസ്റ്റഡിയിൽ ആ ശേഷം കോടതി ഉത്തരവിൽ പുറത്തിറങ്ങിയ റോബിൻ ബസ് വീണ്ടും സര്‍വീസ് നടത്തുമെന്ന് പ്രഖ്യാപനം. 26-ന് പുലർച്ചെ മുതൽ പത്തനംതിട്ടയിൽ നിന്ന് വീണ്ടും സർവീസ് തുടങ്ങുമെന്ന് നടത്തിപ്പുകാരൻ ഗിരീഷ് അറിയിച്ചു. നിയമം പാലിച്ചു സർവീസ് നടത്തും. ഇതുവരെ നിയമം പാലിച്ചാണ് സര്‍വീസ് നടത്തിയത്. ഹൈക്കോടതി പറഞ്‍ഞത്, വണ്ടിക്ക് ടാക്സടച്ച് കയറ്റിയിടാനാല്ല സര്‍വീസ് നടത്താനാണ് പറഞ്ഞിരിക്കുന്നത്. എംവിഡി ഉദ്യോഗസ്ഥര്‍ ഫൈനടിച്ചാൽ ഇനിയും കോടതിയിൽ പോകും. ഞങ്ങൾക്കൊപ്പം കോടതി മാത്രമാണ് ഉള്ളത്.

പിന്നെ എംവിഡി പിടിച്ചിട്ട ബസിൽ നിന്ന് പല വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ട്. അത് എംവിഡി ഉദ്യോഗസ്ഥരാണ് എടുത്തത്. സ്വര്‍ണവും പണവുമാണ് നഷ്ടമായത്. അത് ബസിന്റെ സെക്കന്റ് ഡ്രൈവറുടേതായിരുന്നു. അതൊന്നും പരിശോധിക്കാൻ ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് അടുത്ത കേസുമായി മുന്നോട്ട് പോകണം. അത്യാവശ്യ സാധനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. മറ്റ് ബാഗുകളൊക്കെ അവിടെയുണ്ട്. വിലപിടിപ്പുള്ളവയാണ് നഷ്ടമായതെന്നും റോബിൻ ഗിരീഷ് പറഞ്ഞു. കെഎസ്ആര്‍ടിസി മൂന്ന് സര്‍വീസുകൾ കൂടി കോയമ്പത്തൂരേക്ക് നടത്തണം. അത് ജനങ്ങൾക്ക് ഗുണമാകും. ഞങ്ങൾ സര്‍വീസ് നടത്തുമ്പോൾ യാത്രക്കാര്‍ എത്തും. അത് അവര്‍ ഒരു വികാരമായി തന്നെ എടുക്കുമെന്നും ഗിരീഷ് കൂട്ടിച്ചേര്‍ത്തു.

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് റോബിൻ ബസ് ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് വിട്ടുകൊടുത്തത്. എംവിഡിയുടെ പരിശോധനയ്ക്ക് ശേഷമാണ് ബസ് വിട്ടുകൊടുത്തത്. കഴിഞ്ഞമാസം 24 -ന് പുലർച്ചെയാണ് റോബിൻ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുടർന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും ബസ് വിട്ടുകൊടുത്തിരുന്നില്ല. കോടതി നിർദേശം പരിഗണിച്ച് ഇന്ന് ബസ് വിട്ടു കൊടുക്കുകയായിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സർവീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

നിയമലംഘനത്തെ തുടൻന്ന് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് വിട്ടുകൊടുക്കാൻ പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് ഇന്നലെ ഉത്തരവിട്ടത്. ഉടമ പിഴ അടച്ച സാഹചര്യത്തിലാണ് ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടത്. മോട്ടോർ വാഹന വകുപ്പിന് ആവശ്യമെങ്കിൽ വാഹനം പരിശോധിക്കാം. പൊലീസ് എംവിഡിക്ക് സുരക്ഷ നൽകണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് മോട്ടോർവാഹന വകുപ്പ് ബസ് പിടിച്ചെടുത്തത്. നിയമലംഘനങ്ങളുടെ പേരിൽ കനത്ത പിഴയും ചുമത്തിയിരുന്നു. 82,000 രൂപ പിഴ അടച്ചെന്ന് ബസ് നടത്തിപ്പുകാരൻ ഗിരീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അടുത്തയാഴ്ച വീണ്ടും പത്തനംതിട്ട കോയമ്പത്തൂർ സർവീസ് തുടങ്ങുമെന്നും ഗിരീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *