Your Image Description Your Image Description

തൃശൂര്‍: സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ പബ്ലിഷ് ചെയ്തിരുന്ന യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊഴുക്കുള്ളി സ്വദേശിയും ചെത്ത് തൊഴിലാളിയുമായ അമൽ ദാസിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂർ എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ ടി ജോബിയുടെ സംഘമാണ് സോഷ്യൽ മീഡിയ വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിൽ അമൽ ദാസിനെതിരെ കേസ് എടുത്തത്.

ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ജമ്പനും തുമ്പനും എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈൽ വഴിയും, യൂടൂബ് ചാനൽ വഴിയും ഇയാൾ മദ്യപാന രംഗങ്ങൾ ഉൾപ്പെടുന്ന വീഡിയോകൾ ചിത്രീകരിച്ചു പ്രസിദ്ധീകരിച്ചിരുന്നു. മദ്യത്തിന്റെ ഏത് രീതിയിലുള്ള പരസ്യവും, മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകളും കേരള അബ്‌കാരി ആക്ട് സെക്ഷൻ 55 എച്ച് പ്രകാരം കുറ്റകരമാണെന്ന് എക്സൈസ് അറിയിച്ചു.

എക്സൈസ് സ്‌പെഷ്യൽ ഡ്രൈവിൽ കഞ്ചാവും കുഴൽപ്പണവും പിടികൂടി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. തൃശൂരിൽ 8.356 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരെ കോലാഴി എക്സൈസ് ഇൻസ്‌പെക്ടർ അറസ്റ്റ് ചെയ്തു. പൂങ്കുന്നം ഒൻപത് മുറി സ്വദേശികളായ 27 വയസ്സുള്ള ശബരീനാഥിനെ ഒന്നാം പ്രതിയായും, 30 വയസ്സുള്ള ഗോകുൽ എന്നയാളെ രണ്ടാം പ്രതിയായും ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.

ഇതിനിടെ കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ 25 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി. ചെന്നൈ സ്വദേശിയായ അബ്‍ദുള്‍ മാലിക്കിന്റെ കയ്യിൽ നിന്നാണ് കുഴൽപ്പണം കണ്ടെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു തുടർ നടപടികൾക്കായി തെന്മല പൊലീസിന് കൈമാറി. എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഈരാറ്റുപേട്ടക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *