Your Image Description Your Image Description
Your Image Alt Text

ചെറുപുഴ: മലയോര മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർധിച്ചു വരുമ്പോഴും അധികാരികൾ നിസ്സംഗത കാട്ടുന്നതായി പരാതി. മുതുവത്തെ നടുത്തൊട്ടിയിൽ തോമസിന്റെ കൃഷിയിടത്തിൽ നിന്നു ഒട്ടേറെ വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചതാണു ഏറ്റവും ഒടുവിലത്തെ സംഭവം.
ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു ലക്ഷക്കണക്കിനു രൂപ വിലവരുന്ന വിളകളാണു കാട്ടുമൃഗങ്ങൾ നശിപ്പിച്ചത്. മുതുവത്തിനു പുറമെ കോറാളി, നാരോത്തുംകുണ്ട്, കുളത്തുവായി, തിരുമേനി, മീന്തുള്ളി, രാജഗിരി, ജോസ്ഗിരി, കാനംവയൽ, ചേനാട്ടുക്കൊല്ലി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ കൃഷികൾ വ്യാപകമായി നശിപ്പിച്ചു.

തെങ്ങിൻ തൈ, കമുകിൻ തൈ, കപ്പ, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയ കൃഷികളാണു കാട്ടുമൃഗങ്ങൾ നശിപ്പിക്കുന്നത്. നേരത്തെ കേരള -കർണാടക അതിർത്തിയിൽ കാട്ടാനകളാണ് കൃഷികൾ നശിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ് തുടങ്ങിയവയുടെ ശല്യം മൂലം കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണെന്നു കർഷകർ പറയുന്നു.

ടൗൺ പ്രദേശങ്ങളിൽ പോലും കാട്ടുമൃഗങ്ങളുടെ ശല്യം മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കാട്ടുമൃഗങ്ങളെ പിടികൂടണമെന്നാവശ്യം ശക്തമാകുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്നു അനുകൂല നടപടിയുണ്ടാകാത്തത് വ്യാപക പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *