Your Image Description Your Image Description

വിന്‍ഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റത്തിനുള്ള സപ്പോര്‍ട്ട് അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതോടെ 24 കോടി പേഴ്സണല്‍ കംമ്പ്യൂട്ടറുകള്‍ക്കുള്ള സാങ്കേതിക സപ്പോര്‍ട്ടാണ് അവസാനിക്കുന്നത്. ഇത് വലിയ രീതിയില്‍ ഇ-വേസ്റ്റ് കുന്നുകൂടാനിടയാക്കുമെന്നാണ് അനലിറ്റിക് സ്ഥാപനമായ കനാലിസ് റിസര്‍ച്ചിന്റെ വിലയിരുത്തല്‍. മൈക്രോസോഫ്റ്റിന്റെ തീരുമാനം നടപ്പിലായാല്‍ ഏകദേശം 48 കോടി കിലോഗ്രാം ഭാരമുള്ള ഇലക്ട്രോണിക് മാലിന്യം സൃഷ്ടിക്കപ്പെടും. ഇത് 3,20,000 കാറുകള്‍ക്ക് തുല്യമാണെന്നാണ് കണക്കുകൂട്ടല്‍.

2025 ഒക്ടോബറോടെ വിന്‍ഡോസ് 10നുള്ള സപ്പോര്‍ട്ട് നിര്‍ത്തലാക്കാനാണ് മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നത്. 2028 ഒക്ടോബര്‍ വരെ വിന്‍ഡോസ് 10 ഉപകരണങ്ങള്‍ക്ക് സുരക്ഷാ അപ്‌ഡേറ്റുകള്‍ നല്‍കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു. അതിന് വാര്‍ഷിക നിരക്ക് ഈടാക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളെ പിസികളിലേക്ക് കൊണ്ടുവരും വിധമായിരിക്കും വരാനിരിക്കുന്ന ഒഎസ്. ഇത് മന്ദഗതിയില്‍ പോകുന്ന പിസി വിപണിയ്ക്ക് പ്രയോജനമാകുമെന്നാണ് വിലയിരുത്തല്‍. ഒഎസ് സപ്പോര്‍ട്ട് അവസാനിച്ചാലും വര്‍ഷങ്ങളോളം പല പിസികളും ഉപയോഗിക്കാനാവുമെങ്കിലും സുരക്ഷാ അപ്ഡേറ്റുകളില്ലാത്തതിനാല്‍ ആവശ്യക്കാര്‍ കുറയുമെന്നാണ് കനാലിസ് റിസര്‍ച്ച് ചൂണ്ടിക്കാണിക്കുന്നത്.

 

കാലങ്ങളോളം പഴക്കമുള്ള പല കംമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒഎസ് ആയ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കാം എന്നാണ് പറയപ്പെടുന്നത്. പക്ഷേ യാഥാര്‍ത്ഥ്യം അതല്ല. ബിസിനസ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ 70 ശതമാനം കമ്പനികളും ഉപയോഗിക്കുന്നത് വിന്‍ഡോസ് 10 ആണ്. കംമ്പ്യൂട്ടര്‍ വേള്‍ഡിന്റെതാണ് ഈ റിപ്പോര്‍ട്ട്. വിന്‍ഡോസ് 7ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് കാണിച്ചതു പോലെ ഇളവ് വിന്‍ഡോസ് 10നും നല്‍കിയേക്കുമെന്നും വാദമുണ്ട്. വിന്‍ഡോസ് 11ല്‍ ഐക്കണുകളാണ് ഉള്ളത്. വിന്‍ഡോസ് 10ലെ കണ്‍ട്രോള്‍ പാനലൊക്കെ വലിയ മാറ്റമൊന്നുമില്ലാതെ വിന്‍ഡോസ് 11ല്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. വിന്‍ഡോസ് 10 അനുഭവം വിന്‍ഡോസ് 11ല്‍ വേണ്ടവര്‍ക്കായി ചില തേഡ്പാര്‍ട്ടി ടൂളുകളും ഇറക്കിയിട്ടുണ്ട്.

ഗെയിമര്‍മാര്‍ക്ക് വിന്‍ഡോസ് 10 വിട്ടുപോരാന്‍ നല്ല മടിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 11ലെ ഹൈ സെക്യൂരിറ്റിയും ഗെയിമര്‍മാര്‍ക്ക് തലവേദനയാണ്. മിക്ക ഹാര്‍ഡ്‌വെയറിലും വിന്‍ഡോസ് 10 വരെയുള്ള വേര്‍ഷന്‍ പ്രവര്‍ത്തിക്കും. മൈക്രോസോഫ്റ്റ് നിഷ്‌കര്‍ഷിക്കുന്ന കപ്പാസിറ്റിയുണ്ടെങ്കില്‍ മാത്രമേ ഇത് പ്രവര്‍ത്തിക്കൂ. സിസ്റ്റം ഇഷ്ടമുള്ള രീതിയില്‍ ഉപയോഗിക്കാനാണ് ഐടി പ്രൊഫഷനലുകള്‍ക്ക് ഇഷ്ടം. വിന്‍ഡോസ് 11 അത് പൂര്‍ണമായി അനുവദിക്കുന്നില്ലെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *