Your Image Description Your Image Description
Your Image Alt Text

മാരകമായ ജന്തുജന്യരോഗമാണ് പേ വിഷബാധ അഥവാ റാബീസ്. അതിനെതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആർ.എൻ.എ വൈറസ്സാണ് പേവിഷബാധ ഉണ്ടാക്കുന്നത്‌. വൈറസ് ബാധ തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കി മരണം സംഭവിക്കുന്ന എൻസെഫാലൈറ്റിസ് (encephalitis) എന്ന രോഗാവസ്ഥയുണ്ടാക്കുന്നു.

പട്ടികളിലും പൂച്ചകളിലുമാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. പെരുച്ചാഴി, കുരങ്ങൻ, കുറുക്കൻ, ചെന്നായ, അണ്ണാൻ തുടങ്ങിയ മൃഗങ്ങളെയും ബാധിക്കാം. ഈ മൃഗങ്ങളിൽ നിന്നും സാരമുള്ളതും അല്ലാത്തതുമായ മുറിവുണ്ടായാൽ ഒരിക്കലും അതിനെ അവഗണിക്കരുതെന്നും ഉടനടി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

പ്രഥമ ശുശ്രൂഷ

ആദ്യമായി കടിയേറ്റ ഭാഗം എത്രയും വേഗം സോപ്പും വെള്ളവുമുപയോഗിച്ച് 20 മിനിറ്റോളം നന്നായി കഴുകുക. മൃഗത്തിന്റെ ഉമിനീരിൽ നിന്നോ ശരീരത്തിൽ നിന്നോ മുറിവേറ്റ ഭാഗത്തേക്ക് എത്തിയിരിക്കുന്ന വൈറസിനെ നിർവീര്യമാക്കാൻ സോപ്പിന് കഴിയും. അതിനുശേഷം അയഡിൻ കലർന്ന ആന്റിസെപ്റ്റിക് ലേപനങ്ങൾ പുരട്ടാവുന്നതാണ്. ഒരു കാരണവശാലും മുറിവിന് പുറത്ത് മറ്റ് വസ്തുക്കൾ ചൂടാക്കി വയ്ക്കുകയോ മറ്റ് ലേപനങ്ങൾ പുരട്ടുകയോ ചെയ്യരുത്.

പ്രതിരോധ കുത്തിവെയ്പ്പ്

മുറിവിന്റെ തീവ്രതയനുസരിച്ച് ഐ.ഡി.ആർ.വി, ഇമ്മ്യൂണോഗ്ലോബുലിൻ എന്നീ കുത്തിവയ്പ്പുകളാണ് നൽകുന്നത്. ഐ.ഡി.ആർ.വി എല്ലാ സർക്കാർ ജനറൽ- ജില്ലാ- താലുക്ക്- സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചിറയിൽകീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകൾ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം.

മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകണം.

കാലിലെ വിണ്ടുകീറലിൽ മൃഗങ്ങളുടെ ഉമിനീർ, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാൻ ശ്രദ്ധിക്കണം.

വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുണ്ടെന്ന് ഉടമകൾ ഉറപ്പുവരുത്തണം.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങൾ

വെള്ളം കുടിയ്ക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങുന്നതിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്, അമിതമായ ഉമിനീർ, ആക്രമണ സ്വഭാവം, സാങ്കൽപ്പിക വസ്തുക്കളിൽ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് പേ വിഷബാധയുള്ള മൃഗങ്ങൾ കാണിക്കുന്ന ലക്ഷണങ്ങൾ.

വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണം. കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇത്തരം മൃഗങ്ങൾ വീട്ടുവരാന്തയിൽ വിശ്രമിക്കുകയാണെങ്കിൽ ശ്രദ്ധയിൽപ്പെട്ട ഉടൻ ആ സ്ഥലം കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *