Your Image Description Your Image Description

കൊച്ചി∙ കാളിദാസന്റെ ‘കുമാരസംഭവം’ മോഹിനിയാട്ടമായി അവതരിപ്പിച്ചപ്പോൾ കാണികളെ കാത്തിരുന്നതു തികഞ്ഞ സസ്പെൻസ്. വളഞ്ഞമ്പലം ദേവീക്ഷേത്ര ഉത്സവത്തിലെ നൃത്തവേദിയിൽ ശിവപാർവതിമാരെ കണ്ട് ആശ്ചര്യഭരിതരായി ആസ്വാദകർ. ധരണി സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് അവതരിപ്പിച്ച ‘കുമാരസംഭവം’ മോഹിനിയാട്ടം പരിപാടിയിൽ ‘സപ്തം’ അവതരിപ്പിക്കാൻ ശിവനും പാർവതിയുമായി വിദേശികൾ എത്തിയതായിരുന്നു ആ ആശ്ചര്യനിമിഷം.

പരമശിവനായി റഷ്യൻ നർത്തകി സീനിയ സ്റ്റെപ്പനോവയും പാർവതിയായി ഹംഗറിക്കാരി ബ്രിഗിറ്റ ഹെഗ്ദൂസും വേദിയിൽ. ഏഴാം ഇനമായ ‘സപ്തം’ തുടങ്ങുംവരെ ആ സസ്പെൻസ് കാത്തുവച്ചു നൃത്തപരിപാടി നയിച്ച പ്രമുഖ നർത്തകി ശ്യാമള സുരേന്ദ്രൻ. സാവധാനം കാണികളിലെ ആശ്ചര്യത്തിന് ആക്കംകൂട്ടി സീനിയയും ബ്രിഗിറ്റയും വേദിയിൽ നിറഞ്ഞാടി.

കുമാരസംഭവത്തിലെ പ്രണയപരവശയായ പാർവതിയുടെ കഠിനതപസ്സും അതു കുസൃതിയോടെ നോക്കിക്കാണുകയും മനസ്സു കവർന്ന കാമുകിയെ കഠിന പരീക്ഷകൾക്കു വിധേയയാക്കുകയും ചെയ്ത പരമശിവനെയും ബ്രിഗിറ്റയും സീനിയയും മികവോടെ അവതരിപ്പിച്ചു. ഓരോ നിമിഷവും ഹർഷാരവങ്ങളാൽ മുഖരിതമായി സദസ്സ്.

Leave a Reply

Your email address will not be published. Required fields are marked *