Your Image Description Your Image Description
Your Image Alt Text

ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസില്‍ എല്ലാ പ്രതികൾക്ക് വധശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം കേൾക്കാൻ രഞ്ജിത്തിന്റെ ഭാര്യയും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതികള്‍. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.

അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണ് ഇതെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് ആലപ്പുഴ ജില്ലയില്‍ പൊലീസ് കനത്ത ജാഗ്രതയിലാണ്. കോടതി പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് കോടതിയിൽ സുരക്ഷ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *