Your Image Description Your Image Description
Your Image Alt Text

വാഷിങ്ടൺ: ഏറെ ചർച്ച ചെയ്യപ്പെട്ട നൈട്രജൻ വാതകം ഉപയോ​ഗിച്ചുള്ള വധശിക്ഷ ക്രൂരതയെന്ന് ഒരുവിഭാ​ഗം. വധശിക്ഷ നടപ്പാക്കിയ അലബാമ സ്റ്റേറ്റിനെതിരെ വൈറ്റ്ഹൗസും യുറോപ്യൻ യൂണിയനും രം​ഗത്തെത്തി. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട കെന്നത്ത് യൂജിൻ സ്മിത്തിനെയാണ് കഴിഞ്ഞ ദിവസം നൈട്രജൻ മാസ്ക് ധരിപ്പിച്ച് വധശിക്ഷക്ക് വിധേയമാക്കിയത്. രണ്ട് മുതൽ ആറ് മിനിറ്റുവരെ സ്മിത്ത് ശ്വാസം കിട്ടാതെ മരണക്കിടയിൽ പിടഞ്ഞുവെന്നും 22 മിനിറ്റ് എടുത്താണ് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹത്തിൻ്റെ ആത്മീയ ഉപദേഷ്ടാവ് റെവറൻ്റ് ജെഫ് ഹുഡ് പറഞ്ഞു.

വധശിക്ഷയെ ‘ഹൊറർ ഷോ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജയിൽ ജീവനക്കാർക്ക് പോലും ഞെട്ടലിലാണെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷയ്ക്ക് സാക്ഷ്യം വഹിച്ചവരിൽ ഒരാളായിരുന്നു പുരോഹിതനായ ഹുഡ്. ഹോളിവുഡ് സിനിമക്ക് വേണ്ടി ചിത്രീകരിച്ച സീൻ പോലെയാണ് തനിക്ക് തോന്നിയതെന്നും ഒരിക്കലും മറക്കാനാകാത്ത കാഴ്ചയാണെന്നും അദ്ദേഹം വിവരിച്ചു.

നൈട്രജൻ വധശിക്ഷക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും രം​ഗത്തെത്തി. കൃത്യമായ പരീക്ഷണം നടത്താതെയുള്ള രീതിയാണിതെന്നും മനുഷ്യ പരീക്ഷണമാണ് നടത്തിയതെന്നും മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു. അലബാമയിലെ ഹോൾമാൻ ജയിലിൽ വെച്ചാണ് വധശിക്ഷ നടത്തിയത്. റെസ്പിറേറ്റർ മാസ്കിലൂടെ ഓക്സിജനു പകരം നൈട്രജൻ ശ്വസിപ്പിക്കുകയാണ് നൈട്രജൻ ഹൈപ്പോക്സിയ. വേദന രഹിതവും തൽക്ഷണവുമായ മരണമുണ്ടാകുമെന്ന് ജയിൽ അധികൃതർ ഉറപ്പുനൽകിയെങ്കിലും, വധശിക്ഷയുടെ യഥാർഥ്യം ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും ആറുമിനിറ്റെടുത്താണ് സ്മിത്ത് മരിച്ചതെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

വെള്ളത്തിൽ നിന്ന് കരയിലേക്കിട്ട മീനിന്റെ അവസ്ഥയാണ് സ്മിത്തിനുണ്ടായതെന്നും ദൃക്സാക്ഷികൾ പറഞ്ഞു. വധശിക്ഷ നടപ്പാക്കിയതിൽ കടുത്ത ആശങ്കയുണ്ടെന്ന് വൈറ്റ് ഹൗസ് ശനിയാഴ്ച പറഞ്ഞു. യുഎൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക്, യൂറോപ്യൻ യൂണിയൻ, പൗരാവകാശ ഗ്രൂപ്പുകൾ എന്നിവരും സ്മിത്തിൻ്റെ വധശിക്ഷയുടെ രീതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *