Your Image Description Your Image Description
Your Image Alt Text

ദില്ലി: ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ഗാന്ധി ഡ്യൂപിനെ ഉപയോഗിക്കുന്നുവെന്നതാണ് ബിജെപിയുടെ പുതിയ ആരോപണങ്ങളില്‍ ഒന്ന്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഒളിയമ്പിന് പിന്നില്‍ ജോഡോ യാത്രയിലെ രാഹുലിന്‍റെ ഒരു അപരന്‍റെ സാന്നിധ്യമാണ്. ഡ്യൂപെന്ന ആരോപണം കോണ്‍ഗ്രസ് പരിഹസിച്ച് തള്ളുമ്പോള്‍ ജോഡോ യാത്രയില്‍ രാഹുലിന്‍റെ രൂപസാദൃശ്യമുള്ള രാകേഷ് എന്നൊരാളുണ്ട്.

ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ രാകേഷും ശ്രദ്ധാകേന്ദ്രമാവുന്നുണ്ട്. രാഹുൽ​ഗാന്ധിയുടെ ആദ്യയാത്രയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ലുക്കെന്ന് രാകേഷ് പറയുന്നു. താടിയും മുടിയും നീട്ടിയ ലുക്ക് രാഹുൽ​ഗാന്ധിക്ക് സമർപ്പിക്കുന്നു. വിദ്യാർത്ഥി കാലം മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച് വരികയാണെന്ന് രാകേഷ് പറഞ്ഞു. രാഹുൽ ​ഗാന്ധിയെ നിരവധി തവണ കണ്ടിട്ടുണ്ട്. അദ്ദേഹം തന്നെ കണ്ടപ്പോൾ സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇന്നും രാവിലെ കണ്ടിരുന്നു. ഇത് സ്ഥിരം രൂപമാക്കാനാണ് തീരുമാനം. ഭാരത് ജോഡോ ന്യായ് യാത്ര അദ്ദേഹത്തിന് തപസ്സ് പോലെയാണന്നും രാഹുൽ​ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും രാകേഷ് പറയുന്നു.

66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യയുടെ കിഴക്കു മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ യാത്ര നടത്തുക. മണിപ്പൂരിൽ നിന്നാണ് യാത്ര തുടങ്ങിയത്. അതേസമയം, രാഹുലിൻ്റെ യാത്ര ഒരു ഭാഗത്ത് നടക്കുമ്പോൾ മറുഭാഗത്ത് ഇന്ത്യ മുന്നണിയിൽ തർക്കം രൂക്ഷമാവുകയാണ്. നിലവിൽ നിതീഷ് കുമാർ എൻഡിഎയിലേക്കെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന നിലപാടിലാണ് മമതയും.

Leave a Reply

Your email address will not be published. Required fields are marked *