Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: സഹജഡ്ജിക്കെതിരെ കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശത്തില്‍ സുപ്രീം കോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്. ‘സംസ്ഥാനത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു’ എന്നായിരുന്നു സഹജഡ്ജിക്കെതിരായ ഹൈക്കോടതി ജഡ്ജിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കുക.

ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിന് വിരുദ്ധമായി എം.ബി.ബി.എസ്. പ്രവേശനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷിക്കണമെന്ന് കല്‍ക്കട്ട ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിലാണ് സഹജഡ്ജിയായ ജസ്റ്റിസ് സൗമെന്‍ സെന്നിനെതിരായ ആരോപണം അദ്ദേഹം ഉന്നയിച്ചത്.

നേരത്തേ ബുധനാഴ്ചയാണ് ബംഗാളിലെ എം.ബി.ബി.എസ്. പ്രവേശനത്തിലെ ക്രമക്കേട് അന്വേഷിക്കാന്‍ സി.ബി.ഐ. വരണമെന്ന് ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ് ആദ്യം ഉത്തരവിട്ടത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. ജസ്റ്റിസ് സൗമെന്‍ സെന്നും ജസ്റ്റിസ് ഉദയ് കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ വാക്കാലാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഇത് പരിഗണിച്ചായിരുന്നു സ്റ്റേ.

‘ഇപ്പോള്‍ ഞാന്‍ അസാധാരണമായ ഒരു കാര്യം ചെയ്യാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. എന്നാല്‍ ഞാനിത് ചെയ്തില്ലെങ്കില്‍ നീതിന്യായവ്യവസ്ഥയുടെ വിശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഞാന്‍ പരാജയപ്പെടും. ജസ്റ്റിസ് സൗമെന്‍ സെന്നിനോടുള്ള എല്ലാ ബഹുമാനത്തോടെയുമാണ് ഞാനിത് പറയുന്നത്.’ -അസാധാരണ വിധിയില്‍ ജസ്റ്റിസ് ഗംഗോപാധ്യായ് പറഞ്ഞു.

‘ജസ്റ്റിസ് സെന്‍ തന്നെ ചേമ്പറിലേക്ക് വിളിപ്പിച്ചതായി ജസ്റ്റിസ് അമൃത സിന്‍ഹ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എന്നോട് പറഞ്ഞിരുന്നു. മൂന്ന് കാര്യങ്ങളാണ് സെന്‍ അവരോട് പറഞ്ഞത്. 1) അഭിഷേക്‌ ബാനര്‍ജിക്ക് രാഷ്ട്രീയഭാവിയുണ്ട്, അദ്ദേഹത്തെ ശല്യപ്പെടുത്തരുത്. 2) ജസ്റ്റിസ് സിന്‍ഹയുടെ കോടയിയില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണം നിര്‍ത്തലാക്കും. 3) ജസ്റ്റിസ് സിന്‍ഹയ്ക്ക് മുന്നിലുള്ള രണ്ട് റിട്ട് പരാതികള്‍ തള്ളിക്കളയും. അവധിക്കാലത്താണ് ജസ്റ്റിസ് അമൃത സിന്‍ഹ ഫോണിലൂടെ ഇക്കാര്യങ്ങള്‍ എന്നോട് പറഞ്ഞത്. പിന്നാലെ അവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടും ഇക്കാര്യം പറഞ്ഞു. ചീഫ് ജസ്റ്റിസാണ് വിഷയം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍ പെടുത്തിയതെന്നും സിന്‍ഹ എന്നോട് പറഞ്ഞു.’ -ജസ്റ്റിസ് ഗംഗോപാധ്യായ് തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *