Your Image Description Your Image Description
Your Image Alt Text

പട്‌ന: നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതോടെ ബിഹാറില്‍ വരാനിരിക്കുന്ന സഖ്യസര്‍ക്കാരില്‍ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായേക്കുമെന്ന് സൂചന. മഹാസഖ്യംവിട്ട് എന്‍.ഡി.എക്കൊപ്പം ചേരുന്ന നിതീഷ് കുമാര്‍ ഞായറാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത് ശരിവെക്കുന്നതാണ് സംസ്ഥാനത്ത് നിലവില്‍ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍.

17-ാം നിയമസഭയില്‍ ആദ്യത്തെ രണ്ടുവര്‍ഷം എന്‍.ഡി.എക്കൊപ്പമായിരുന്ന നിതീഷിന്റെ മന്ത്രിസഭയില്‍ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. സമാന ഫോര്‍മുലയാവും നിതീഷ് തിരിച്ചെത്തുമ്പോഴും സര്‍ക്കാര്‍ രൂപീകരണത്തില്‍ എന്‍.ഡി.എ. കൈക്കൊള്ളുക. ജാതി സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചാവും ഉപമുഖ്യമന്ത്രിമാരെ തീരുമാനിക്കുക. അങ്ങനെയെങ്കില്‍, നേരത്തെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന പിന്നാക്ക വിഭാഗത്തില്‍നിന്നുള്ള രേണുദേവി ഉപമുഖ്യമന്ത്രിയായി തിരിച്ചെത്തും. സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയായിരുന്നു രേണുദേവി. തര്‍കിഷോര്‍ പ്രസാദായിരുന്നു അന്ന് മറ്റൊരു ഉപമുഖ്യമന്ത്രി.

മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, പ്രതിപക്ഷനേതാവ്‌ വിജയ് കുമാര്‍ സിന്‍ഹ, കേന്ദ്രമന്ത്രി നിത്യാനന്ദ റായ് എന്നിവരിലൊരാള്‍ രണ്ടാം ഉപമുഖ്യമന്ത്രിയാവും. 243 അംഗ നിയമസഭയില്‍ 122 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ മന്ത്രിസഭയുണ്ടാക്കാം. ബിജെപിക്ക് 78, ജെഡിയു 45 എന്നിവയാണ് നിലവിലെ കക്ഷിനില. ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ നാല് അംഗങ്ങളുടേതിന് പുറമേ ഒരു സ്വതന്ത്ര എം.എല്‍.എയുടെ പിന്തുണയും സഖ്യത്തിന് ലഭിക്കും.

അതേസമയം, നിതീഷിന്റെ നീക്കത്തിന് തടയിടാനുള്ള ശ്രമം ആര്‍.ജെ.ഡി. നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 79 സ്വന്തം പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് പുറമേ കോണ്‍ഗ്രസിന്റേയും മൂന്ന് ഇടതുപാര്‍ട്ടികളുടേതുമടക്കം 114 എം.എല്‍.എമാരുടെ പിന്തുണ മഹാസഖ്യത്തിനുണ്ട്. നിതീഷ് ക്യാമ്പില്‍ നിന്ന് എട്ട് എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം എത്തിച്ചാല്‍ മഹാസഖ്യ സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ സാധിക്കും. നിതീഷിന്റെ നിലപാടുകളോട് വിയോജിപ്പുള്ളവരെ മറുകണ്ടം ചാടിക്കാനാണ് നീക്കം. എന്‍.ഡി.എ. വിടുമെന്ന അഭ്യൂഹങ്ങള്‍ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (സെക്യുലര്‍) നേതാവ് ജിതിന്‍ റാം മാഞ്ചി തള്ളി.

Leave a Reply

Your email address will not be published. Required fields are marked *