Your Image Description Your Image Description

ഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു കോൺഗ്രസിൽ സുപ്രധാന അഴിച്ചുപണി. ഛത്തീസ്ഗഡിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാക്കി സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിക്കാണു കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല. തെലങ്കാനയുടെ അധികച്ചുമതലയുമുണ്ട്. നിലവിൽ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറിനെ ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് ഒഴിവാക്കി.

പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തലയെ മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ഭാരവാഹി (ഇൻ ചാർജ്) ആക്കി. സച്ചിനും ദീപയ്ക്കും പുറമേ ജാർഖണ്ഡ്, ബംഗാൾ എന്നിവയുടെ ചുമതലയുള്ള ജി.എ.മിർ ജനറൽ സെക്രട്ടറിയാകുന്നത് ആദ്യമാണ്.

സംഘടനാ ജനറൽ സെക്രട്ടറിയായി കെ.സി.വേണുഗോപാലും കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറിയായി ജയ്റാം രമേശും ട്രഷററായി അജയ് മാക്കനും തുടരും. പ്രിയങ്ക ഗാന്ധി ജനറൽ സെക്രട്ടറിയായി തുടരുമെങ്കിലും സംസ്ഥാനങ്ങളുടെ ചുമതലയില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുഴുവൻ പ്രചാരണ നേതൃത്വത്തിലേക്കു പ്രിയങ്ക എത്തുമെന്നാണ് വിവരം. 2019 ൽ ജനറൽ സെക്രട്ടറിയായ പ്രിയങ്ക അന്നു മുതൽ യുപിയുടെ ചുമതലയിലായിരുന്നു. തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികാ സമിതി അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ നിയമിച്ചു. ശശി തരൂരും സമിതിയിൽ അംഗമാണ്.

ജാർഖണ്ഡിന്റെ ചുമതലയിലുണ്ടായിരുന്ന ജനറൽ സെക്രട്ടറി അവിനാഷ് പാണ്ഡെയ്ക്കാണ് ഇനി യുപിയുടെ ചുമതല. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടെങ്കിലും സുഖ്ജിന്ദർ സിങ് രൺധാവ (രാജസ്ഥാൻ) തുടരും. മുകുൾ വാസ്നിക് (ഗുജറാത്ത്) രൺദീപ് സിങ് സുർജേവാല (കർണാടക) എന്നിവരും തുടരും. ജിതേന്ദർ സിങ്ങിന് അസമിനു പുറമേ മധ്യപ്രദേശിന്റെ അധികച്ചുമതല നൽകി. ഛത്തീസ്ഗഡിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറി കുമാരി ഷെൽജയെ ഉത്തരാഖണ്ഡിലേക്കു മാറ്റി. വിദ്യാർഥി യൂണിയന്റെ ചുമതല നൽകിയിരുന്ന കനയ്യ കുമാറിനു പദവി തുടരുന്നതായോ ഒഴിവാക്കുന്നതായോ വ്യക്തമാക്കിയിട്ടില്ല.

മറ്റു സംസ്ഥാനങ്ങളുടെ ഇൻ ചാർജുമാർ: മോഹൻ പ്രകാശ് (ബിഹാർ), ഡോ. അജോയ് കുമാർ (ഒഡീഷ, തമിഴ്നാട്, പുതുച്ചേരി), ഡോ. എ.ചെല്ലകുമാർ (മേഘാലയ, മിസോറം, അരുണാചൽ), ഭരത്‍സിങ് സോളങ്കി (കശ്മീർ), രാജീവ് ശുക്ല (ഹിമാചൽ, ചണ്ഡിഗഡ്), ദേവേന്ദർ യാദവ് (പഞ്ചാബ്), മാണിക്റാവു താക്കറെ (ഗോവ), ഗിരീഷ് ചൊടങ്കർ (ത്രിപുര, സിക്കിം, മണിപ്പുർ, നാഗാലാൻഡ്), മാണിക്കം ടഗോർ (ആന്ധ്ര). ഗുർദീപ് സിങ് സപ്പൽ അഡ്മിനിസ്ട്രേഷൻ ഇൻചാർജായി തുടരും. മിലിന്ദ് ദേവ്‍റ, വിജയ് ഇന്ദർ സിംഗ്ല എന്നിവർ ജോയിന്റ് ട്രഷറർമാരായി. താരിഖ് അൻവറിനു പുറമേ, വിവിധ സംസ്ഥാനങ്ങളുടെ ചുമതലയിലുണ്ടായിരുന്ന ഭക്ത ചരൺ ദാസ്, ഹരീഷ് ചൗധരി, രജനി പാട്ടീൽ, മനീഷ് ചത്രത്ത് എന്നിവരെയും ഒഴിവാക്കി. കോൺഗ്രസ് അധ്യക്ഷന്റെ ഓഫിസ് ഇൻ ചാർജ് ആയി പ്രവർത്തകസമിതി അംഗവും എംപിയുമായ ഡോ. സയ്യിദ് നസീർ ഹുസൈനെ നിയമിച്ചു. ഓഫിസിലെ കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല എഐസിസി സെക്രട്ടറി പ്രണവ് ഝായ്ക്കു നൽകി.

Leave a Reply

Your email address will not be published. Required fields are marked *