Your Image Description Your Image Description
Your Image Alt Text

എത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചാലും കോൺഗ്രസ്സിന് പച്ച തൊടാൻ സാധിക്കുമോ എന്നുള്ളത് സംശയം ആണ്… ഇപ്പോൾ ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രതീക്ഷിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ്. കർണ്ണാടകയിലും, തെലങ്കാനയിലും കേരളത്തിലുമാണ് പ്രധാനമായും പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. സ്റ്റാലിന്റെ കരുണയിൽ തമിഴ്നാട്ടിലും ഏതാനും സീറ്റുകൾ കോൺഗ്രസ്സ് പ്രതീഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കർണ്ണാടകയിലും തെലങ്കാനയിലും മിന്നുന്ന വിജയമാണ് കോൺഗ്രസ്സ് നേടിയിരുന്നത്. ഇതിനു പ്രധന കാരണം ഈ രണ്ട് സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന ഭരണ വിരുദ്ധ വികാരം വോട്ടായി മാറിയതാണ്. ഇതേ വിജയം പക്ഷേ ലോകസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കണമെന്നില്ല. അതിനു പ്രധാന കാരണം ,മോദിയോട് കിടപിടിക്കുന്ന ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിക്കാൻ കോൺഗ്രസ്സിനു കഴിയുന്നില്ല എന്നതു തന്നെയാണ്

രാഹുൽ ഗാന്ധിയെ കോൺഗ്രസ്സ് ഉയർത്തിക്കാട്ടുമ്പോൾ കോൺഗ്രസ്സ് ഉൾപ്പെട്ട ‘ഇന്ത്യ’ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടപ്പെട്ടിരിക്കുന്നത് മല്ലികാർജുൻ ഖർഗെയെയാണ്. ഡൽഹി – ബംഗാൾ മുഖ്യമന്ത്രിമാരാണ് ഖാർഗെയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. അവിടെ രാഹുൽ ഗാന്ധിയെ പിന്തുണയ്ക്കാൻ ഒരു നേതാവ് പോലും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. അരവിന്ദ് കെജരിവാളിന്റെയും മമത ബാനർജിയുടെയും ഈ നീക്കം നെഹറു കുടുംബത്തെ മാത്രമല്ല കേരളത്തിലെ കോൺഗ്രസ്സിനെ സംബന്ധിച്ചും വൻ തിരിച്ചടിയാണ്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കി ഉയർത്തിക്കാട്ടി വോട്ടു പിടിക്കാൻ ഇനി കേരളത്തിലെ കോൺഗ്രസ്സിനും കഴിയുകയില്ല.

രാഹുൽ ഇത്തവണയും വയനാട്ടിൽ തന്നെ മത്സരിച്ചാലും കേരളത്തിൽ വലിയ ചലനം ഉണ്ടാക്കാൻ സാധ്യതയില്ല. 2019-ൽ നേടിയ 19 സീറ്റുകളിൽ എത്ര എണ്ണം അവർക്കു നിലനിർത്താൻ കഴിയും എന്നതു മാത്രമാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ തവണ ഒറ്റ സീറ്റിൽ ഒതുങ്ങിയ ഇടതുപക്ഷം ഇത്തവണ കേരളത്തിൽ നിന്നും 15-ൽ കുറയാത്ത സീറ്റുകളാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ ലീഗിന്റെ കൈവശമുള്ള പൊന്നാനി മണ്ഡലവും ഉൾപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം പതിനായിരത്തിൽ താഴെ മാത്രമാണ് പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു.ഡി.എഫിന്റെ ലീഡ്. ഇത് ഇടതുപക്ഷത്തെ സംബന്ധിച്ച് എളുപ്പത്തിൽ മറികടക്കാൻ കഴിയും.

ഗവർണറെ ന്യായീകരിച്ച കെ.പി.സി.സി അദ്ധ്യക്ഷന്റെ നടപടിയിൽ കോൺഗ്രസ്സിലും പ്രതിഷേധം ശക്തമാണ്.ഒപ്പമുള്ളവരെ പോലും അകറ്റുന്ന പ്രസ്താവനയായാണ് ഈ നിലപാടിനെ മുതിർന്ന കോൺഗ്രസ്സ് നേതാക്കളും നോക്കി കാണുന്നത്. സുധാകരൻ തന്നെ പ്രസ്താവന തിരുത്തിയെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് രംഗത്തു വന്നിട്ടുണ്ടെങ്കിലും ദൃശ്യ മാധ്യമങ്ങളിൽ വന്ന സുധാകരന്റെ വിവാദ പ്രതികരണം വൈറലായതോടെ പ്രതിപക്ഷ നേതാവിന്റെ പ്രതിരോധവും തകർന്നടിഞ്ഞിട്ടുണ്ട്. നവകേരള സദസ്സിനെതിരായ കോൺഗ്രസ്സിന്റെയും പോഷക സംഘടനകളുടെയും പ്രതിഷേധവും അവർ ഉദ്ദേശിച്ച നേട്ടമല്ല ഉണ്ടാക്കിയിരിക്കുന്നത്.. .അതുകൊണ്ട് തന്നെ യു.ഡി.എഫ് നേതാക്കൾ തൊടുന്നതെല്ലാം വലിയ അബദ്ധമായി മാറുന്ന കാഴ്ചയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. അതെന്തായാലും… പറയാതെ വയ്യ . . .

Leave a Reply

Your email address will not be published. Required fields are marked *