Your Image Description Your Image Description
Your Image Alt Text

നമ്മളൊക്കെ യാത്ര ചെയ്യുമ്പോൾ നല്ലയൊരു വീട് കണ്ടാൽ , അല്ലെങ്കിൽ ഒരു വാഹനം കണ്ടാൽ അത് ആരുടേയെന്നേ ചോദിക്കുള്ളു , അതാരാ പണിതതെന്നോ അതിന്റെ ശില്പി ആരെന്നോ ആ വാഹനം ആരാ ഓടിക്കുന്നതെന്നോ തിരക്കാറില്ല . അതുപോലെയാണ് നവ കേരള മന്ത്രിസഭയുടെ ബസ്സും .

പുതുചരിത്രമെഴുതി ജനകോടികളുടെ സ്നേഹാഭിവാദ്യങ്ങളേറ്റുവാങ്ങി മലയാള നാടിന്റെ ഹൃദയ ഭൂമികയിലൂടെ കേരളത്തിന്റെ വടക്കൻ മുനമ്പ് മുതൽ തെക്കൻ മുനമ്പ് വരെ സഞ്ചരിച്ച നവകേരള ബസിന്റെ കപ്പിത്താന്മാർ നാലുപേരാണ് .

കേരളത്തിന്റെ ജനകീയ മന്ത്രിസഭയുടെ സാരഥികളാകാൻ ഭാഗ്യം ലഭിച്ചത് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർമാരായ ടി പി പ്രവീൺകുമാറിനും , ജി എസ് അഭിലാഷ്‌കുമാറിനും കെ എച്ച് ഷനോജിനും , വി ശ്രീജേഷിനുമാണ് .

തെല്ലൊരു ആശങ്കയോടെയാണ് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമൊത്തുള്ള യാത്രയ്ക്ക് നാലുപേരും ഒരുങ്ങിയത്. ആദ്യദിനം ബസിന്റെ മുൻസീറ്റിലേക്ക് കടന്നിരുന്ന് ‘റെഡിയല്ലേ നമുക്ക് തുടങ്ങാം’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി തന്നെ ആ മഞ്ഞുരുക്കിയതോടെ അവരും ‘നവകേരള കുടുംബത്തിലെ’ അംഗങ്ങളായി മാറി .

കല്യാശ്ശേരിയിൽ പ്രതിപക്ഷ സംഘടനാപ്രവർത്തകർ ചാടി വീണപ്പോൾ അഭിലാഷായിരുന്നു വളയം പിടിച്ചിരുന്നത്. ഒന്ന് പകച്ചപ്പോൾ അതൊന്നും കാര്യമാക്കേണ്ടെന്നും നമുക്കൊരു ലക്ഷ്യമുണ്ടെന്നും പറഞ്ഞ് മുഖ്യമന്ത്രി ആത്മവിശ്വാസം പകർന്നപ്പോൾ കൂടുതൽ ധൈര്യമായി .

പ്രതിഷേധം ഉണ്ടാകുമ്പോൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നതടക്കമുള്ള പരിശീലനവും പിന്നീട് നൽകി. ബസിന് മുന്നിൽ ചാടി വീഴുന്ന ചാവേറുകൾക്കപ്പുറം സ്നേഹവായ്പോടെ കൈവീശുന്ന ജനലക്ഷങ്ങളേയും കണ്ടായിരുന്നു മലനാടും ഇടനാടും തീരദേശവും കടന്നുള്ള യാത്ര.

തങ്ങളുടെ താമസസൗകര്യവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കുന്ന കുടുംബനാഥനായിരുന്നു മു‌ഖ്യമന്ത്രി. ദൂരെനിന്ന് മാത്രം കണ്ടിട്ടുള്ള മന്ത്രിമാരെല്ലാം ഈ ഒരു മാസംകൊണ്ട് കൂട്ടുകാരായി. ജനങ്ങൾ സ്നേഹത്തോടെ കൊടുക്കുന്നതിന്റെയെല്ലാം പങ്ക് മന്ത്രിമാർ അവർക്കായി കരുതിവച്ചു.

34 ദിനരാത്രങ്ങൾ കടന്ന് നവകേരള സദസ്സ്‌ തലസ്ഥാന നഗരിയിൽ സമാപിക്കുമ്പോൾ ഇവർക്കൊരു സങ്കടമുണ്ട്. ‘ഞങ്ങൾക്കിതൊരു ജോലിയായിരുന്നില്ല. കുടുംബത്തോടൊപ്പമുള്ള യാത്രയായിരുന്നുവെന്ന് . ഇന്ന് അവരെയെല്ലാം പിരിയണം എന്നോർക്കുമ്പോൾ കണ്ണ് നിറയുന്നുണ്ട്’.

അതും മുൻകൂട്ടിക്കണ്ട് മുഖ്യമന്ത്രി ചോദിച്ചു – യാത്ര കഴിയുമ്പോൾ നാലാളും സങ്കടംകൊണ്ട് കരഞ്ഞു കളയുമോന്ന് ?’ അവരുടെ കണ്ണുകളിൽ സന്തോഷവും സങ്കടവും അഭിമാനവും കലർന്നൊരു കണ്ണീർക്കണം നിറഞ്ഞുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *