Your Image Description Your Image Description
Your Image Alt Text

എല്ലാ അട്ടിമറി നീക്കങ്ങളും അതിജീവിച്ചു നവകേരള സദസ്സ്‌ ഇന്ന് വൈകിട്ട് വട്ടിയൂർക്കാവിൽ സമാപിക്കും. കാനം രാജേന്ദ്രന്റെ വിയോഗത്തെ തുടർന്ന്‌ മാറ്റിയ എറണാകുളത്തെ നാലു മണ്ഡലത്തിലെ പര്യടനം ജനുവരി ഒന്ന്‌, രണ്ട്‌ തീയതികളിലാണ്‌ പ്ലാൻ ചെയ്തിരിക്കുന്നത് .

നവംബർ 18ന്‌ കാസർഗോഡ് തുടക്കമിട്ട സദസ്സ്‌ 36 ദിവസം അക്ഷരാർഥത്തിൽ സർവ മേഖലകളെയും സ്‌പർശിച്ചു. മലയാളികളുടെ ഹൃദയവും മനസ്സും ആ മുന്നേറ്റത്തെ അനുധാവനംചെയ്‌തു. വാഗ്‌ദാനങ്ങൾ പാലിക്കാനുള്ളതാണെന്ന നിശ്‌ചയമുള്ള സർക്കാർ ജനങ്ങളെ കേൾക്കാനും വീഴ്‌ചകൾ തിരുത്താനും തയ്യാറായതാണ്‌ സദസ്സിന്റെ പ്രത്യേകത.

പല പരാതികളിലും ഉടൻ പരിഹാരമുണ്ടായി. വലിയ സാമ്പത്തിക ബാധ്യത വരുന്ന സഹായങ്ങൾപോലും ഏറ്റെടുത്തു. യുഡിഎഫ്‌ ഭരണം മുച്ചൂടും തകർത്തവയുടെ വീണ്ടെടുപ്പായിരുന്നു എൽഡിഎഫ്‌ സർക്കാരിന്റെ ആദ്യ കടമ.

നിരുത്തരവാദ രാഷ്ട്രീയം കൈകാര്യംചെയ്യുന്ന പ്രതിപക്ഷം ആ ശ്രമങ്ങളെ നിരന്തരം തുരങ്കംവച്ചു. പദ്ധതികൾ ഏറ്റെടുക്കാൻ കാശാണ്‌ പ്രധാനം. അത്‌ കണ്ടെത്താൻ സ്വീകരിച്ച വഴികളിലും ഉടക്കുണ്ടാക്കി. മോദി സർക്കാർ സംസ്ഥാനത്തിന്‌ അർഹമായ സഹായം അനുവദിക്കുന്നില്ലെന്നു മാത്രമല്ല, വൈരനിര്യാതന ബുദ്ധിയോടെ പെരുമാറുകയുമാണ്‌. ഈ രണ്ടു സമീപനങ്ങളെയും തുറന്നുകാട്ടാനും സദസ്സിന്‌ കഴിഞ്ഞു.

നവ കേരള സദസ്സിന്റെ പ്രഭാതയോഗങ്ങളിൽ മണ്ഡലങ്ങളുടെ മാത്രമല്ല, സംസ്ഥാനത്തിന്റെയാകെ പുരോഗതികൾ ചർച്ചയായി; പ്രശ്നങ്ങൾ ഉന്നയിക്കുകയും പ്രതീക്ഷകൾ പങ്കുവയ്‌ക്കുകയുമുണ്ടായി. നൂറുകണക്കിന്‌ പരാതികളും നിർദേശങ്ങളുമാണ് സമർപ്പിക്കപ്പെട്ടത്‌.

സാധാരണ ജനങ്ങൾ ആവലാതികൾ ബോധിപ്പിക്കാനുള്ള മികച്ച അവസരമായി അതിനെ ഉപയോഗപ്പെടുത്തി. അങ്ങനെ ഓരോ മണ്ഡലം പിന്നിടുമ്പോഴും ജന സമുദ്രമായി മാറിക്കൊണ്ടിരുന്നു. അത്‌ യുഡിഎഫ്‌‐ ബിജെപി കൂട്ടുകെട്ടിനെ പരിഭ്രാന്തമാക്കി.

പ്രാകൃത മുറകളിലൂടെ ക്രമസമാധാന പ്രശ്‌നമുണ്ടാക്കി സദസ്സ്‌ കലക്കാനായിരുന്നു ശ്രമം. കൃത്രിമ തിരിച്ചറിയൽ കാർഡിലൂടെ സ്ഥാനംപിടിച്ച യൂത്ത്‌കോൺഗ്രസ്‌ നേതാക്കളുടെ വ്യാജസമരമുറകൾ തീർത്തും പരിഹാസ്യമായി.

മഷിക്കുപ്പികളും ഗോലികളും മറ്റുമാണ്‌ ഉപയോഗിച്ചത് . അശരണരെ കൈപിടിച്ചുയർത്തിയ എൽഡിഎഫ്‌ സർക്കാർ നേതൃത്വം നൽകിയ നവകേരള സദസ്സ്‌ ജനഹൃദയങ്ങൾ കീഴടക്കിയെന്നതിന്റെ തെളിവാണ്‌ പ്രതിപക്ഷത്തിന്റെ അസഹിഷ്‌ണുതകൾ. അതെല്ലാം അവഗണിച്ച്‌ പുതുകേരള ലക്ഷ്യത്തിലേക്ക്‌ ജനലക്ഷങ്ങൾ ഒറ്റക്കെട്ടാണെന്ന്‌ വ്യക്തമായിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *