Your Image Description Your Image Description

ന്യൂഡല്‍ഹി: രാജ്യം 75-ാമത് റിപ്പബ്ലിക്ദിനം ആഘോഷിക്കുന്നു.  ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ് ഇത്തവണത്തെ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.

പ്രധാനമന്ത്രി ദില്ലിയിലെ യുദ്ധ സ്മാരകത്തിൽ പുഷ്പ ചക്രം സമർപ്പിക്കുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  സൈനിക ശക്തി വിളിച്ചോതുന്ന പരേഡിന് ദില്ലിയിലെ കർത്തവ്യപഥ് സാക്ഷ്യം വഹിക്കും.

തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകള്‍, ഡ്രോണ്‍ ജാമറുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനികവാഹനങ്ങള്‍ തുടങ്ങിയവ പരേഡില്‍ അണിനിരത്തും. കർത്തവ്യപഥിൽ രാഷ്ട്രപതി ദ്രൗപദി മുർമു ദേശീയ പതാക ഉയർത്തും.

സംസ്ഥാനങ്ങളുടെ ടാബ്ളോകളും  മാർച്ച് പാസ്റ്റും നടക്കും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഇന്നലെ പത്മ – സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

40 വർഷത്തിനുശേഷമാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കുതിരകളെ പൂട്ടിയ ബഗ്ഗിയില്‍ രാഷ്ട്രപതി പരേഡിനെത്തുന്നത്.

ദേശീയപതാക ഉയർത്തുന്നതിനുപിന്നാലെ ദേശീയഗാനം ആലപിക്കും. അവസാനിക്കുന്നതിന് തൊട്ടുപിന്നാലെ ഗണ്‍ സല്യൂട്ട് എന്ന നിലയില്‍ 21 ആചാരവെടികള്‍ മുഴക്കും. ഇതിനുപിന്നാലെ കർത്തവ്യപഥില്‍ വ്യോമസേന പുഷ്പവൃഷ്ടി നടത്തും.

പുഷ്പവൃഷ്ടിക്കുശേഷം നൂറ് വനിതകളുടെ നേതൃത്വത്തിലുള്ള ബാൻഡ് പ്രകടനത്തിന് തുടക്കമാകും.പിന്നാലെ രാഷ്ട്രപതി, സേനകളുടെ ഔദ്യോഗികസല്യൂട്ടുകള്‍ സ്വീകരിക്കുന്നതോടെയാണ് പരേഡിന് തുടക്കമാകുക.

Leave a Reply

Your email address will not be published. Required fields are marked *