Your Image Description Your Image Description

കൊച്ചി: എയർ ഇന്ത്യ എക്‌സ്പ്രസ് കോഴിക്കോട്-ബെംഗളൂരു റൂട്ടിൽ ജനുവരി 16 മുതൽ നേരിട്ടുള്ള പ്രതിദിന വിമാന സർവീസ് ആരംഭിക്കുന്നു. ബെംഗളൂരുവിൽ നിന്നും വൈകിട്ട് 6:45 ന് പുറപ്പെടുന്ന വിമാനം 7.45 ന് കോഴിക്കോട്ടെത്തും. മടക്ക വിമാനം കോഴിക്കോട്ടുനിന്ന് രാത്രി 8.15ന് പുറപ്പെട്ട് 9.15ന് ബെംഗളൂരുവിലെത്തും.

 പുതിയ സർവീസ് തുടങ്ങുന്നതോടു കൂടി കോഴിക്കോട് നിന്നും മുംബൈ, കൊൽക്കത്ത, ഡൽഹി, ചെന്നൈ, ഹൈദരാബാദ്, ഗോവ, ജയ്പൂർ, പുണെ, വാരാണസി തുടങ്ങി 22 സ്ഥലങ്ങളിലേക്ക് വൺ-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ലഭ്യമാകും. എയർ ഇന്ത്യ എക്സ്പ്രസ് 344 പ്രതിവാര സർവീസുകള്‍ നടത്തുന്ന ബെംഗളൂരു വഴി ഈ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായി എത്തിച്ചേരാൻ കഴിയും.

 എയർലൈനിന്‍റെ മൊബൈൽ ആപ്പിലൂടെയും airindiaexpress.com എന്ന വെബ്‌സൈറ്റിലൂടെയും മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും പുതിയ സർവീസിന്‍റെ ബുക്കിംഗുകൾ ആരംഭിച്ചു.

 എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലമായ ശൃംഖലയിലെ പ്രധാന കേന്ദ്രങ്ങളാണ് കോഴിക്കോടും ബെംഗളൂരുവുമെന്ന്  എയർ ഇന്ത്യ എക്സ്പ്രസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. വരും ദിവസങ്ങളിൽ കോഴിക്കോട് നിന്നുള്ള  ആഭ്യന്തര സർവീസുകള്‍ വിപുലീകരിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് കൂടുതൽ യാത്രാ അവസരങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

 എയർ ഇന്ത്യ എക്സ്പ്രസ് നിലവിൽ കോഴിക്കോട് നിന്ന് മിഡിൽ ഈസ്റ്റിലെ 13 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ആഴ്ചയിൽ 95 സർവീസുകള്‍ നടത്തുന്നുണ്ട്. കോഴിക്കോട് നിന്നും ഏറ്റവും കൂടുതൽ സർവീസുകള്‍  നടത്തുന്ന  എയർലൈനാണ് എയർ ഇന്ത്യ എക്സ്പ്രസ്. പുതിയ സർവീസ് ആരംഭിക്കുന്നതോടെ ബെംഗളൂരു നിവാസികൾക്ക് കോഴിക്കോട് വഴി മിഡിൽ ഈസ്റ്റിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗകര്യപ്രദമായി എത്തിച്ചേരാനും കഴിയും.

 കോഴിക്കോടിന് പുറമേ കൊച്ചിയിൽ നിന്ന് ആഴ്ചയിൽ 90 സർവീസുകള്‍, തിരുവനന്തപുരത്ത് നിന്ന് 58, കണ്ണൂരിൽ നിന്ന് 52 എന്നിങ്ങനെ സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് കേരളത്തിൽ നിന്ന് ഗൾഫ് റൂട്ടുകളിൽ സർവീസ് നടത്തുന്ന ഏറ്റവും വലിയ അന്താരാഷ്ട്ര എയർലൈൻ. എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചിയിൽ നിന്നും അന്താരാഷ്ട്ര സർവീസുകള്‍ക്ക് പുറമേ ബെംഗളൂരു, ഹൈദരാബാദ്, ന്യൂഡൽഹി, എന്നിവിടങ്ങളിലേക്ക് നേരിട്ട് സർവീസുകള്‍ നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ക്ക് പുറമേ ബെംഗളൂരുവിലേക്കും ചെന്നെയിലേക്കും സർവീസ് ഉണ്ട്. കൂടാതെ തിരുവനന്തപുരം- കോഴിക്കോട് സർവീസും  പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് 42 അന്താരാഷ്ട്ര വിമാന സർവീസുകളും ബെംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും ആഭ്യന്തര സർവീസുമുണ്ട്.

 എയർ ഇന്ത്യ എക്സ്പ്രസ് വൻ വിപുലീകരണത്തിന്‍റെ ഘട്ടത്തിലാണ്.  ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് സർവീസ് ആരംഭിക്കുമെന്ന് എയർലൈൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്വാളിയറിൽ നിന്ന് ദില്ലിയിലേക്കും ബെംഗളൂരുവിലേക്കും നേരിട്ട് വിമാന സർവീസുകൾ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച, സൂറത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ  പുതിയ അന്താരാഷ്ട്ര ടെർമിനൽ ഉദ്ഘാടന ദിവസം തന്നെ ദുബായിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *