Your Image Description Your Image Description

വിവാഹ ആൽബവും വീഡിയോയും നൽകാതെ ദമ്പതികളെ വഞ്ചിച്ചതിന് എറണാകുളത്തെ ഫോട്ടോഗ്രാഫിക് സ്ഥാപനത്തിന് നഷ്ടപരിഹാരം ഉൾപ്പെടെ 1,18,500 രൂപ ഒരു മാസത്തിനകം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം ഉത്തരവിട്ടു. ആലങ്ങാട് സ്വദേശി അരുൺ ജി നായരും ഭാര്യ ആലുവ ചൊവ്വര സ്വദേശി ശ്രുതിയും നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ വിധി പ്രസ്താവിച്ചത്.

2017 ഏപ്രിൽ 16നായിരുന്നു പരാതിക്കാരുടെ വിവാഹം.ഫോട്ടോ ആൽബവും വീഡിയോയും തയ്യാറാക്കാൻ എറണാകുളത്തെ മാട്രിമോണി ഡോട്ട് കോമിന് 58,500 രൂപ അഡ്വാൻസ് നൽകി. വീഡിയോയും ആൽബവും കൈമാറുമ്പോൾ ബാക്കി 6000 രൂപ നൽകാമെന്നായിരുന്നു കരാർ. എന്നാൽ ആൽബവും വീഡിയോയും വർഷങ്ങൾ കഴിഞ്ഞിട്ടും കൈമാറിയിട്ടില്ല. തുടർന്നാണ് ഹർജിക്കാർ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിച്ചത്.

പരാതിയിൽ എതിർകക്ഷിക്ക് നോട്ടീസ് അയച്ചെങ്കിലും അവർ ഹാജരായില്ല. തുടർന്ന് എക്‌സ്‌പാർട്ട്‌ വിധി പുറപ്പെടുവിച്ചു. “തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ചടങ്ങ് പിടിച്ചെടുക്കാൻ ഹർജിക്കാർ എതിർ കക്ഷിയെ സമീപിച്ചു. എന്നാൽ അവർ വാക്ക് പാലിച്ചില്ല. ഇതുമൂലമുണ്ടാകുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾക്ക് പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഫോട്ടോഗ്രാഫിക് കമ്പനി ബാധ്യസ്ഥരാണ്,” ഫോറം പറഞ്ഞു. ഹരജിക്കാർ നൽകിയ അഡ്വാൻസ് തുകയായ 58,500 രൂപയും 50,000 രൂപ പിഴയും കോടതി ചെലവായ 10,000 രൂപയും ഉൾപ്പെടെ 1,18,500 രൂപ നഷ്ടപരിഹാരമായി ഒരു മാസത്തിനകം നൽകാനും ഉത്തരവായി.

Leave a Reply

Your email address will not be published. Required fields are marked *