Your Image Description Your Image Description

തുടർച്ചയായ ആറാം വർഷവും കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അവതരിപ്പിക്കുന്ന ബജറ്റിന് രാഷ്ട്രീയ പ്രാധാന്യമേറെയാണ്. ജനപ്രിയ പ്രഖ്യാപനങ്ങളുടെ നീണ്ട നിര തന്നെയാണ് രാജ്യത്തെ സാധാരണക്കാർ പ്രതീക്ഷിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പത്തെ നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റും ഇതാണ്. ഇവിടെ ബജറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് നൽകിയിരിക്കുന്നത്.

സാമ്പത്തിക സർവേ

ബജറ്റ് അവതരണത്തോടനുബന്ധിച്ച് പുറത്തുവിടുന്ന പ്രധാനപ്പെട്ട കണക്കുകളാണ് സാമ്പത്തിക സർവ്വേയിൽ ഉൾപ്പെടുന്നത്. പോയ സാമ്പത്തികവർഷത്തിലെ സമ്പദ്യ വ്യവസ്ഥയുടെ പ്രകടനത്തിന്റെ ഫ്ലാഗ്ഷിപ്പ് ഡോക്യുമെന്റാണിത്. ഈ കണക്കുകൾ പുതിയ ബജറ്റ് അവതരണത്തിന് ഒരു വേദി ഒരുക്കുക കൂടിയാണ് ചെയ്യുന്നത്.

പണപ്പെരുപ്പം

രാജ്യത്തെ സാധനങ്ങൾ, സേവനങ്ങൾ, കമ്മോഡിറ്റി തുടങ്ങിയവയുടെ വില വർധിക്കുന്ന നിരക്കാണ് പണപ്പെരുപ്പമെന്ന് ലളിതമായി നിർവചിക്കാം. പണപ്പെരുപ്പം അഥവാ വിലക്കയറ്റത്തോത് ഉയർന്നു നിൽക്കുന്നത് ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി കുറയ്ക്കും.

പ്രത്യക്ഷ – പരോക്ഷ നികുതികൾ

നികുതി ദായകനോട് നേരിട്ട് ഈടാക്കുന്ന തരം നികുതികളാണ് പ്രത്യക്ഷ നികുതി. ആദായ നികുതി, കോർപറേറ്റ് നികുതി എന്നിവ ഉദാഹരണങ്ങളാണ്. അതേ സമയം, പേര് പോലെ തന്നെ, നേരിട്ടല്ലാതെ ചുമത്തപ്പെടുന്നവയാണ് പരോക്ഷ നികുതികൾ. ജിഎസ്ടി, വാറ്റ്, സേവനങ്ങൾക്ക് ഈടാക്കുന്ന എക്സൈസ് ഡ്യൂട്ടി തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.

ഫിനാൻസ് ബിൽ

പുതിയ നികുതികൾ ചുമത്തുക, നികുതി ഘടനയിൽ മാറ്റങ്ങൾ വരുത്തുക, നിലവിലെ നികുതി ഘടന തുടരുക എന്നിവയ്ക്കായി സർക്കാർ ഉപയോഗിക്കുന്ന ഡോക്യുമെന്റാണ് ഫിനാൻസ് ബിൽ.

മൂലധനച്ചെലവ്

ഒരു രാജ്യത്തിന്റെ മൂലധനച്ചെലവ് എന്നത്, വികസനം, ഏറ്റെടുക്കൽ, മെഷിനറി, ആസ്തികൾ എന്നിവയുടെ ഡീഗ്രഡേഷൻ എന്നിവയ്ക്കായി കേന്ദ്രസർക്കാർ ഉപയോഗപ്പെടുത്തുന്ന ആകെ തുകയാണ്. ഇതിലൂടെ സമ്പദ് വ്യവസ്ഥയുടെ വികസനമാണ് ലക്ഷ്യമിടുന്നത്.

ബജറ്റ് എസ്റ്റിമേറ്റ്

വിവിധ മന്ത്രാലയങ്ങൾ, ഡിപ്പാർട്മെന്റുകൾ, രാജ്യത്തെ വിവിധ സെക്ടറുകൾ, പദ്ധതികൾ തുടങ്ങിയവയ്ക്കായി അലോക്കേറ്റ് ചെയ്യുന്ന എസ്റ്റിമേറ്റ് ചെയ്ത ഫണ്ട്, ബജറ്റ് എസ്റ്റിമേറ്റ് എന്ന പേരിലാണ് പൊതുവായി അറിയപ്പെടുന്നത്. എവിടെ, എങ്ങനെ, എത്ര കാലത്തേക്ക് പണം ഉപയോഗിക്കണം എന്ന് ബജറ്റ് എസ്റ്റിമേറ്റിലൂടെ തീരുമാനമെടുക്കുന്നു.

ധനക്കമ്മി

സർക്കാരിന്റെ, കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആകെ ചിലവ്, വരുമാനം എന്നിവ തമ്മിലുള്ള അന്തരമാണ് ധനക്കമ്മി. മറ്റ് വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെ റിസർവ് ബാങ്കിൽ നിന്ന് പണം കടമെടുത്താണ് ഇവിടെ അന്തരം നികത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *