Your Image Description Your Image Description

തിരുവനന്തപുരം: കേരളത്തെ സംരക്ഷിക്കാനുള്ള യാത്രയാണ് നവകേരളസദസ്സെന്ന് മന്ത്രി കെ. രാജന്‍. കേരളത്തിന്റെ അവകാശങ്ങള്‍ നേടാന്‍ ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് ഇത് പങ്കുവെയ്ക്കുന്നത്. 62 ലക്ഷം പേര്‍ക്ക് മുടങ്ങാതെ പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാരാണിത്. ആദ്യ പിണറായി സര്‍കാര്‍ അധികാരത്തില്‍ വന്ന സമയത്ത് 18 മാസത്തെ പെന്‍ഷന്‍ കുടിശ്ശികയുണ്ടായിരുന്നു.

അതെല്ലാം കൊടുത്തുതീര്‍ത്തു. അന്ന് 600 രൂപയായിരുന്ന പെന്‍ഷന്‍ ഇപ്പോള്‍ 1600 രൂപയായി. ഇപ്പോള്‍ പെന്‍ഷനില്‍ മൂന്ന് മാസത്തെ കുടിശ്ശിക വന്നത് സംസ്ഥാനത്തിന് കിട്ടേണ്ട അര്‍ഹമായ പണം ലഭിക്കാത്തതിനാലാണ്. പ്രളയസമയത്ത് സര്‍ക്കാരിന് 30,000 കോടിയുടെ നഷ്ടമുണ്ടായപ്പോള്‍ അര്‍ഹിച്ച സഹായം ലഭിച്ചില്ല. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ അതിനെ നേരിട്ടു. കൊവിഡ് കാലത്ത് ലോകത്തെ ഏറ്റവും സമ്പന്ന രാജ്യമായ അമേരിക്കയില്‍ പോലും മാസ്‌കൂരി മാറ്റി ആളുകളെ മരണത്തിന് വിട്ടുകൊടുത്തു. എന്നാല്‍ കേരളം ജനകീയആരോഗ്യമേഖലയുടെ കരുത്തില്‍ അതിനെ നേരിട്ടു.

മനുഷ്യര്‍ മാത്രമല്ല ഒരു ജീവിയും പട്ടിണി കിടക്കുന്നില്ലെന്നും സര്‍ക്കാര്‍ ഉറപ്പാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തപ്പോള്‍ ഇപ്പോള്‍ ഇവിടെ അതിദരിദ്രരുടെ കണക്കെടുത്തു. 2025 നവംബര്‍ 1 ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറാന്‍ പോവുകയാണ്. ഒരു പൊതുവിദ്യാലയും അടച്ചുപൂട്ടില്ലെന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഈ സര്‍ക്കാര്‍ ഉറപ്പാക്കി. പത്ത് ലക്ഷം കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ പുതുതായെത്തി. എല്ലാവര്‍ക്കും ഭൂമിയും വീടും നല്‍കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി മാറാന്‍ പോവുകയാണ് കേരളം. നവകേരളസദസ്സ് ആരംഭിച്ചതു മുതല്‍ അതിനെതിരെ പല പ്രചാരണങ്ങളുമുണ്ടായി.

അതിനെയെല്ലാം ജനം തള്ളിക്കളഞ്ഞു. നവകേരളസദസ്സ് എറ്റവും നല്ല മുന്നേറ്റമാണെന്ന് പ്രഭാത സദസ്സില്‍ പങ്കെടുത്തവരെല്ലാം പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടത്തുന്ന ഈ പരിപാടിയെ അപസര്‍പ്പക കഥകള്‍ കൊണ്ട് തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *