Your Image Description Your Image Description

കൊച്ചി: വൈകിട്ട് ആറിനു ശേഷം വിദ്യാർഥികളെയും പുറമേനിന്നുള്ളവരെയും മഹാരാജാസ് കോളജ് ക്യാംപസിൽ പ്രവേശിപ്പിക്കരുതെന്നു നിർദേശം. കോളജിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ചേർന്ന പിടിഎ യോഗത്തിലാണു തീരുമാനം. വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട കോളജ് എന്നു തുറക്കണമെന്നതു സംബന്ധിച്ചു തീരുമാനമെടുത്തില്ല. ഇന്നു 11നു വിദ്യാർഥി സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കാനും ചർച്ചയിൽ സമവായമുണ്ടായാൽ മാത്രം കോളജ് തുറക്കാനുമാണു തീരുമാനം. വൈകിട്ട് 6നു ശേഷം ആരെയും ക്യാംപസിൽ തുടരാൻ അനുവദിക്കരുതെന്നും ഇത്തരത്തിൽ പ്രവേശനം അനുവദിച്ചാൽ കോളജിൽ സംഘർഷങ്ങൾക്കു വഴിയൊരുക്കുന്നതെന്നും യോഗത്തിൽ വിമർശനം ഉയർന്നു.

ഇതോടെയാണു പ്രവേശനം കർശനമായി വിലക്കാൻ തീരുമാനിച്ചത് . പ്രിൻസിപ്പലിന്റെ പ്രത്യേക അനുമതി ഉണ്ടെങ്കിലെ 6നു ശേഷവും തുടരാൻ സാധിക്കുകയുള്ളു .വിദ്യാർഥികൾക്കു തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലെ സംഘർഷങ്ങളിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ യോഗത്തെ അറിയിച്ചു. ക്ലാസ്, പിടിഎ യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ നടത്താനും അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി വർക്കിങ് ഗ്രൂപ്പ് രൂപീകരിക്കാനും തീരുമാനിച്ചു. ഈ ഗ്രൂപ്പ് കോളജിൽ സ്ക്വാഡ് പ്രവർത്തനം നടത്തും.

കോളജിൽ ശക്തമായ സെക്യൂരിറ്റി സംവിധാനവും ഏർപ്പെടുത്തും. 5 സെക്യൂരിറ്റി ഗാർഡുകളെ അനുവദിക്കണമെന്നു സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിഡിസി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാനും തീരുമാനിച്ചു. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ കോളജിലേക്കു സ്ഥലം മാറ്റം ലഭിച്ച പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയ് ഇന്നലെ സ്ഥാനമൊഴിഞ്ഞു. പിടിഎ യോഗത്തിൽ അദ്ദേഹവും പങ്കെടുത്തു. ഇസ്‌ലാമിക് ഹിസ്റ്ററി വകുപ്പു മേധാവി ഡോ. ഷജീലാ ബീവിക്കു താൽക്കാലികമായി പ്രിൻസിപ്പലിന്റെ ചുമതല നൽകി.

Leave a Reply

Your email address will not be published. Required fields are marked *