Your Image Description Your Image Description

തിരുവനന്തപുരം: നാടിന്റെ സമഗ്ര വികസനത്തിന് ജനങ്ങള്‍ ഒന്നിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരത്തില്‍ നാടിന്റെ നന്മക്കായാണ് നവകേരള സദസ്സില്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്.

നല്ല ഭാവി മുന്നില്‍ കണ്ട് ഭേദചിന്താഗതി ഇല്ലാതെ ജനം ഒരുമിക്കുന്ന കാഴ്ചയാണ് എല്ലായിടത്തും കാണാനായതെന്നും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കഴക്കൂട്ടം നിയോജക മണ്ഡല നവകേരള സദസ്സില്‍ അദ്ദേഹം പറഞ്ഞു.

നാടിന്റെ കരുത്താണ് ജനങ്ങള്‍. ധൈര്യമായി മുന്നോട്ടു പോകു, ഞങ്ങള്‍ ഒപ്പമുണ്ട് എന്ന സന്ദേശമാണ്  ജനങ്ങള്‍ നവകേരള സദസ്സില്‍ മുന്നോട്ട് വക്കുന്നത്. നാടിന്റെ അന്തരീക്ഷം അങ്ങേയറ്റം ശാന്തമാണ്. ക്രമസമാധാന നില ഭദ്രമാണ്. സമൂഹത്തിന്റെ മത നിരപേക്ഷതയും തത്ഫലമായുള്ള സമാധാനവും രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. ഇതു പോലൊരിടം ആളുകള്‍ കൊതിക്കുകയാണ്.

വിവധ നേട്ടങ്ങളില്‍ മുന്നിലെത്തിയ സംസ്ഥാനത്തിന് കാലാനുസൃത വളര്‍ച്ച കൈവരിക്കുന്നതില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കേന്ദ്രം അര്‍ഹമായ വിഹിതം നല്‍ക്കാത്തതാണ് കാരണം. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറ് കോടിയില്‍പരം രൂപയുടെ കുറവാണ് സംസ്ഥാനത്തേക്കുള്ള കേന്ദ്ര വിഹിതത്തിലുണ്ടായത്. ഇതിനെതിരെ ഒരുമിച്ച് ശബ്ദമുയര്‍ത്തി മുന്നേറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ധനവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ അഭിസംബോധന ചെയ്തു സംസാരിച്ചു.

നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ വിദ്യാര്‍ഥികളായ അല്ലുമോള്‍, അജിത് മോഹന്‍, റ്റില്‍ജിയ മനോജ് എന്നിവര്‍ ചേര്‍ന്ന്  കാന്‍വസില്‍ അക്രിലിക് വര്‍ണങ്ങളില്‍ വരച്ച മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും ഛായാചിത്രം  മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. അനില്‍ കോശി വരച്ച ചിത്രവും മുഖ്യമന്ത്രിക്ക് കൈമാറി. മണ്ഡലത്തില്‍ നിന്ന് 3,319  നിവേദനങ്ങളും ലഭിച്ചു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അദ്ധ്യക്ഷനായി. എ.എ. റഹീം എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, വി ജോയ് എംഎല്‍എ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, സംഘാടക സമിതി ചെയര്‍മാന്‍ അജിത് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *