Your Image Description Your Image Description

തിരുവനന്തപുരം: നവകേരള സദസ്സ് ലോകജനാധിപത്യത്തിലെ തന്നെ പുതുഅനുഭവമാണെന്ന് മന്ത്രി പി. രാജീവ്. ഓരോ മണ്ഡലങ്ങളിലും മന്ത്രിസഭ സഞ്ചരിച്ചത് വിദ്യാര്‍ഥികളായാണ്. ജനങ്ങളില്‍ നിന്ന് കാര്യങ്ങള്‍ പഠിച്ച് അവരെ കൂടി ഉള്‍പ്പെടുത്തി നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

34 ദിവസം കൊണ്ട് 136 മണ്ഡലങ്ങളില്‍ മന്ത്രിസഭ സഞ്ചരിച്ചു. നിരവധി പ്രഭാതയോഗങ്ങളില്‍ പങ്കെടുത്തു. പ്രഭാതയോഗങ്ങളില്‍ പങ്കെടുക്കുന്ന പൗരപ്രമുഖര്‍ക്കെതിരെ സമ്പന്നരാണ് പങ്കെടുക്കുന്നതെന്ന പ്രചാരണമുണ്ടായി. എന്നാല്‍ ആദിവാസി ഊരു മൂപ്പത്തി, ഗാര്‍ഹിക തൊഴിലാളികള്‍, ഹരിതകര്‍മ സേനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരൊക്കെയാണ് പങ്കെടുത്തത്. സര്‍ക്കാരിന്റെ കണ്ണില്‍ ഇവരൊക്കെയാണ് പൗരപ്രമുഖര്‍.

ഈ സര്‍ക്കാര്‍ തുടര്‍ഭരണം എന്ന ചരിത്രം സൃഷ്ടിച്ചാണ് അധികാരമേറ്റത്. എന്നാല്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്ന് ചിലര്‍ പരിഹസിച്ചു. ജനങ്ങള്‍ നിലപാടെടുക്കുന്നത് അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് നമ്മള്‍ മനസ്സിലാക്കണം. അങ്ങനെ ജനങ്ങള്‍ തീരുമാനിച്ചതാണ് തുടര്‍ഭരണം. നവകേരള സദസ്സ് കക്ഷി രാഷ്ട്രീയ പരിപാടിയല്ല. എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍ ഇതിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനമുണ്ടായി. എല്ലാവിഭാഗം ജനങ്ങളുടെയും ജീവിതം നിലവാരം ഉയര്‍ത്തുക, വൈജ്ഞാനിക സമൂഹം പടുത്തുയര്‍ത്തുക തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. കേരളത്തിലെ എല്ലാ സര്‍വകലാശാലകളും റാങ്കില്‍ വലിയ നേട്ടമുണ്ടാക്കി.

കേരളത്തിലേക്ക് പഠിക്കാന്‍ വരുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുമ്പോള്‍ തന്നെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണ്. സ്റ്റാര്‍ട്ടപ് രംഗത്ത് നമ്മള്‍ ലോകത്ത് തന്നെ മികച്ചതാണ്. 62 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം സംസ്ഥാനം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നു. 56,700 കോടി രൂപ ഈയിനത്തില്‍ ഏഴരവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവഴിച്ചു. പ്രതിമാസം 2500 രൂപ നല്‍കണം എന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. എന്നാല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട അര്‍ഹമായ പണം കിട്ടാത്തതിനാലാണ് അത് സാധിക്കാത്തത്. പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കാന്‍ സര്‍ക്കാര്‍ 4 ലക്ഷം രൂപയാണ് നല്‍കുന്നത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ തുകയാണിത്. സര്‍ക്കാരിന് വലിയ ഊര്‍ജ്ജവും ആത്മവിശ്വാസവും നവകേരള സദസ്സ് നല്‍കിയെന്നും മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *