Your Image Description Your Image Description
Your Image Alt Text

ദില്ലി: അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമന്‍റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ പ്രമുഖരുടെ നീണ്ട നിരയാണ് അയോധ്യയിലെത്തുക. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 8000 പൊലീസ് ഉദ്യോഗസ്ഥരെയാണ് ദില്ലിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘർഷ സാധ്യതയുളള മേഖലകളിൽ ഫ്ലാഗ് മാർച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാർക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദില്ലി പൊലീസ് അറിയിച്ചു.

അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിലെ ക്ഷേത്ര പര്യടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പൂർത്തിയാക്കിയിരുന്നു. ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിൽ പ്രധാനമന്ത്രി ദർശനം നടത്തി. നേരത്തെ രാമസേതു നിർമ്മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാൽ മുനയും മോദി സന്ദർശിച്ചിരുന്നു. ഇവിടെ വഴിപാടുകൾ നടത്തിയ മോദി, ലങ്കയിൽ നിന്ന് സീത വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന കടൽക്കരയിൽ ദശപുഷ്പാഭിഷേകം നടത്തിയ ശേഷമാണ് ദില്ലിക്ക് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *