Your Image Description Your Image Description

കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനുനേരേ നടന്ന പോലീസ് അതിക്രമം ആസൂത്രിതമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

പലരും അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും അതൊന്നും വകവയ്ക്കാതെ നിരവധി തവണയാണ് പോലീസ് ടീയര്‍ ഗ്യാസ് പ്രയോഗിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സാധാരണ ഗതിയില്‍ മുന്നറിയിപ്പു നല്‍കുക പതിവാണ്. ഇവിടെ മുതിര്‍ന്ന നേതാക്കളടക്കം ഉണ്ടായിട്ടും യാതൊരുവിധ മുന്നറിയിപ്പും നല്‍കാതിരുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വളരെ ദൗര്‍ഭാഗ്യകരവും ആക്ഷേപകരവും ഒരിക്കലും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതുമായ കാര്യങ്ങളാണ് സംഭവിച്ചത്. ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് ഇത്തരത്തില്‍ പെരുമാറിയത്. ഞങ്ങളൊക്കെ ദീര്‍ഘകാലമായി പൊതുരംഗത്തുള്ളവരാണ്. ഞാനൊക്കെ ഒരുപാട് സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. സമരത്തിന് നേതൃത്വം കൊടുത്തിട്ടുണ്ട്. പക്ഷേ, ഒരിക്കലും പോലീസ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചെയ്തത്.

വേദിയില്‍  മുതിര്‍ന്ന നേതാക്കളടക്കം പ്രസംഗിച്ചു കൊണ്ടിരിക്കേയാണ് യാതൊരു പ്രകോപനവുമില്ലാതെ വേദിയിലേക്കും പ്രവര്‍ത്തകര്‍ക്കുനേരേയും വെള്ളം ചീറ്റുകയും കാഠിന്യമുള്ള കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തത്.

ഞങ്ങളാരും ഒരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല. ഞങ്ങളവിടെ സ്റ്റേജില്‍ പ്രസംഗിക്കാൻ ഇരിക്കുന്നു.കെ പി സി സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. പിന്നീട് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചു കൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഹൈഡോസ് കണ്ണീര്‍ വാതകം പ്രയോഗിക്കുന്നത്. തൊട്ടുപിന്നാലെ വലിയ ഫോഴ്സില്‍ ജലപീരങ്കി പ്രയോഗിക്കുന്നു. ഞങ്ങളാകെ നനഞ്ഞു. ആ സ്റ്റേജ് തകര്‍ന്നു. ഞാനും കെ.മുരളീധരനും താഴെ വീണു.കണ്ണു നീറി ഒന്നും കാണാൻ പറ്റാത്ത അവസ്ഥയായി. പ്രവര്‍ത്തകര്‍ എന്നെയും മുരളീധരനെയും കാറില്‍ കയറ്റി. ഞങ്ങള്‍ കെ പി സി സി ഓഫീസിലേക്ക് പോയി.

സാധാരണഗതിയില്‍ ഒരു കീഴ് വഴക്കം പാലിക്കാറുണ്ട്. ഏതു പാര്‍ട്ടിയുടെ ആയാലും മുതിര്‍ന്ന നേതാക്കള്‍ പ്രസംഗിക്കുമ്ബോള്‍ പോലീസ് പാലിക്കേണ്ട മര്യാദ.അതൊരു നിയമമായിട്ടല്ല .ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കാറുണ്ട്. ആ കീഴ് വഴക്കമാണ് ലംഘിച്ചത്. ഒരു മര്യാദയില്ലാതെയല്ലേ പോലീസ് പെരുമാറിയത്. മുഖ്യമന്ത്രി അറിയാതെ ഇത്തരം സംഭവം നടക്കുമോ? പ്രതിപക്ഷത്തെയും ജനങ്ങളെയും അടിച്ചമര്‍ത്തുകയാണ് മുഖ്യമന്ത്രി. ഞങ്ങളാരും അക്രമത്തിനില്ല.അക്രമം ഞങ്ങളുടെ രീതിയല്ല.

ഇന്ന് നടന്നത് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും എം പി മാരും എം എല്‍ എ മാരും പങ്കെടുത്ത പരിപാടിയാണ്. പ്രതിപക്ഷ സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോകാമെന്നത് മുഖ്യമന്ത്രിയുടെ തെറ്റായ ധാരണയാണ്. സര്‍ സി പി യുടെ നാടല്ല കേരളം എന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. ഇന്ന് നടന്ന അതിക്രമത്തിനു നേതൃത്വം നല്‍കിയപോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ ശക്തമായ നടപടി വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *