Your Image Description Your Image Description
Your Image Alt Text

ന്യൂ ഡൽഹി: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ നിർമിച്ചതും പ്രചരിപ്പിച്ചതും ഇൻസ്റ്റ​ഗ്രാമിൽ ഫോളോവേഴ്സിനെ വർധിപ്പിക്കാനെന്ന് പിടിയിലായ പ്രതി. ആന്ധ്രാ പ്രദേശിൽ നിന്നുള്ള ബിടെക് ബിരു​ദധാരിയായ 24-കാരനായ ഈമനി നവീനാണ് പിടിയിലായത്. ഗുണ്ടൂര്‍ ജില്ലയിലെ പാലപ്പാരു സ്വദേശിയാണ്.

ചെന്നൈയില്‍ ബിടെക് പൂര്‍ത്തിയാക്കിയ നവീന്‍ ഡിജിറ്റല്‍ മാര്‍ക്കറ്ററായി ജോലി ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് 500 അക്കൗണ്ടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതിൽ നിന്നാണ് നവീനിലേക്ക് എത്തുന്നത്. ഇൻസ്റ്റ​ഗ്രാം ചാനൽ പ്രമോഷൻ ചെയത് കൊടുക്കുന്നതായിരുന്നു നവീന്റെ ജോലി. രശ്മികയുടെ ഡീപ്പ് ഫേക്ക് വീഡിയോ പുറത്തിറങ്ങി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് കുറ്റവാളിയെ പിടികൂടുന്നത്.‌‌

താന്‍ രശ്മികയുടെ ആരാധകനാണ്. അവരുടെ ഫാന്‍പേജ് കൈകാര്യം ചെയ്യുന്നുണ്ട്. രശ്മികയുടേത് കൂടാതെ മറ്റ് രണ്ട് സെലിബ്രിറ്റികളുടെ ഫാന്‍പേജും കൈകാര്യം ചെയ്യുന്നുണ്ട്. വിഡിയോ പങ്കുവെച്ചതിന് പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്നു വൈറലായി. ഫോളോവേഴ്സില്‍ വലിയ വര്‍ധനവുണ്ടായെന്നും നവീന്‍ പറഞ്ഞു. 90,000ത്തില്‍ നിന്നിരുന്ന ഫോളോവേഴ്സ് രണ്ടാഴ്ച കൊണ്ട് 1.08 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍ അപകടം മണത്തതോടെ താന്‍ പോസ്റ്റ് പിന്‍വലിച്ചുവെന്നും അക്കൗണ്ടിന്‍റെ പേരു മാറ്റിയെന്നും നവീൻ പൊലീസിന് മൊഴി നൽകി.

കഴിഞ്ഞ വര്‍ഷമാണ് രശ്മികയുടെ ഡീപ്പ് ഫേക്ക് വി‍ഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന സാറാ പട്ടേല്‍ എന്ന ബ്രിട്ടിഷ്–ഇന്ത്യന്‍ മോഡലിന്‍റെ വി‍ഡിയോയിലാണ് രശ്മികയുടെ മുഖം എഡിറ്റ് ചെയ്ത് ചേര്‍ത്തത്. ഇതിൽ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമിതാബ് ബച്ചനടക്കം രംഗത്തുവന്നിരുന്നു. വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് സങ്കടകരമെന്നും രശ്മികയും പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *