Your Image Description Your Image Description
Your Image Alt Text

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. തഹസില്‍ദാരായ വി സുധാകരനാണ് പിടിയിലായത്. പാലക്കാട് സ്വദേശി ഐസക്കിൽ നിന്നാണ് ഇയാൾ പണം കൈപ്പറ്റാൻ ശ്രമിച്ചത്. പരാതിക്കാരൻ പണം കൈമാറുന്നതിനിടെ പാലക്കാട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തഹസില്‍ദാറെ കയ്യോടെ പിടികൂടുകയായിരുന്നു.

കഞ്ചിക്കോട്ടെ ഷോപ്പിംഗ് മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ ഐസക്കിനെ പല കാരണങ്ങൾ പറഞ്ഞ് തഹസില്‍ദാര്‍ വി സുധാകരന്‍ ഒന്നര വർഷം ചുറ്റിച്ചു. ഇതിനിടെ വില കൂടിയ മദ്യവും പെർഫ്യൂമുകളും കൈക്കൂലിയായി പല തവണ സുധാകരന്‍ കൈപ്പറ്റി. ഒടുവിൽ സർട്ടിഫിക്കറ്റ് ശരിയാക്കാൻ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. അത്രയും വലിയ തുക ഉടൻ നൽകാൻ കഴിയില്ലെന്നറിയിച്ചതോടെ മാളിന് കൈവശാവകാശ രേഖ നൽകുന്നതിന് അന്‍പതിനായിരം രൂപ നൽകണമെന്ന് തഹസില്‍ദാര്‍ ആവശ്യപ്പെട്ടു.

50,000 രൂപയുമായി ഓഫീസിലെത്താൻ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടയിൽ വിവരങ്ങളെല്ലാം ഐസക്ക് വിജിലൻസിനെ അറിയിച്ചു. വൈകീട്ട് വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നതിനിടെയാണ് തഹസില്‍ദാറെ വിജിലന്‍സ് പിടികൂടിയത്. കസ്റ്റഡിയിലുള്ള സുധാകരനെ കുറിച്ച് നേരത്തെയും സമാന പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. തുടർ നടപടികൾ പൂർത്തീകരിച്ച് പ്രതിയെ നാളെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *