Your Image Description Your Image Description
Your Image Alt Text

സിനിമകള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സ്വീകരിക്കപ്പെടുന്ന കാലമാണ് ഇത്. ഒടിടിയുടെ കാലത്ത് മലയാള സിനിമയും ഇന്ത്യയെമ്പാടും പുതിയ പ്രേക്ഷകരെ നേടിയിട്ടുണ്ട്. ഫഹദ് ഫാസില്‍ അടക്കമുള്ള താരങ്ങളും ലിജോ ജോസ് പെല്ലിശ്ശേരി അടക്കമുള്ള സംവിധായകരും മറ്റ് ഭാഷാ സിനിമാപ്രേമികള്‍ക്കും പരിചിതരാണ് ഇന്ന്. എന്നാല്‍ ഒടിടിയിലൂടെയല്ലാതെ തിയട്രിക്കല്‍ റിലീസിലൂടെ ഉത്തരേന്ത്യയില്‍ വലിയ ശ്രദ്ധ നേടിയ സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അതിന് സാധ്യതയുള്ള ഒരു ചിത്രം എത്തുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന മലൈക്കോട്ടൈ വാലിബന്‍ ആണ് അത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും ഒരേസമയം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് സംബന്ധിച്ച ഒരു കൗതുകം മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് ശബ്ദം പകര്‍ന്നിരിക്കുന്നത് ആര് എന്നതാണ് അത്.

ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറയുന്നത്- “അനുരാഗ് കശ്യപ് ആണ് ഇത് ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്തിരിക്കുന്നത്. എന്‍റെ കഥാപാത്രത്തിന് വോയ്സ് കൊടുത്തിരിക്കുന്നത് അദ്ദേഹമാണ്. അത് കൊടുക്കണോ എന്ന് തീരുമാനിക്കാനായി അദ്ദേഹം ഈ സിനിമ കണ്ടു. അദ്ദേഹവും നമ്മുടെ ഡയറക്ടറും കൂടി എന്നെ ഒരുമിച്ച് വിളിച്ചു. വളരെ സന്തോഷത്തോടെ ഞാനീ സിനിമ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഈ സിനിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നാണ് പറഞ്ഞത്. ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടിട്ടില്ല എന്നും പറഞ്ഞു”, മോഹന്‍ലാല്‍ പറയുന്നു.

അതേസമയം ജനുവരി 25 ന് തിയറ്ററുകളിലെത്തുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ഈ വര്‍ഷത്തെ ചിത്രങ്ങളില്‍ ഒന്നാണ്. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നതുതന്നെയാണ് വാലിബന്‍റെ യുഎസ്‍പി.

Leave a Reply

Your email address will not be published. Required fields are marked *