Your Image Description Your Image Description
Your Image Alt Text

മലയാളത്തില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട സിനിമകളില്‍ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റിയില്‍ മുന്നിലെത്തിയ ചിത്രങ്ങളില്‍ ഒന്നാണ് ആട്ടം. നവാഗതനായ ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം മലയാളത്തില്‍ അപൂര്‍വ്വമായ ചേംബര്‍ ഡ്രാമ വിഭാഗത്തില്‍ പെട്ട ഒന്നായിരുന്നു. വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, സരിന്‍ ഷിഹാബ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പ്രതിഭാധനരായ അഭിനേതാക്കളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തി. കണ്ടവരെല്ലാം മികച്ച അഭിപ്രായം പങ്കുവച്ച, സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചകള്‍ നടന്ന ചിത്രം ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കിയോ? ഇപ്പോഴിതാ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

ജനുവരി 5 ന് തിയറ്ററുകളിലെത്തിയ ചിത്രം കേരളത്തില്‍ നിന്ന് രണ്ടാഴ്ച കൊണ്ട് നേടിയത് ഒന്നര കോടി രൂപയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ താരനിരയില്ലാത്ത ഒരു ചിത്രത്തെ സംബന്ധിച്ച് നേട്ടമാണ് ഇത്. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു ആട്ടം. ഐഎഫ്എഫ്കെയില്‍ എത്തുന്നതിന് മുന്‍പ് ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായത് വഴിയും ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജിയോ മാമി ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പങ്കെടുത്ത ചലച്ചിത്രമേളകളിലെല്ലാം വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രം ഐഎഫ്എഫ്കെയില്‍ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും നേടിയിരുന്നു.

മികച്ച തിരക്കഥയും ഗംഭീര പ്രകടനങ്ങളുമാണ് ചിത്രത്തിന്‍റേതെന്നാണ് പൊതു അഭിപ്രായം. ഒരു നാടകസംഘത്തിന്‍റെ പശ്ചാത്തലത്തിലാണ് ആട്ടം കഥ പറയുന്നത്. അനിരുദ്ധ് അനീഷ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും രംഗനാഥ് രവി ശബ്ദസംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ   സംഗീതം ബേസിൽ സി ജെയും പ്രൊഡക്ഷൻ ശബ്ദമിശ്രണം ജിക്കു എം ജോഷിയും കളർ ഗ്രേഡിംഗ് ശ്രീക് വാരിയറും നിർവ്വഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *