Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

നേമം മണ്ഡലത്തിലെ നവ കേരള സദസ്സിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ബിജെപിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചത് ആരെന്ന് നിങ്ങൾക്കെല്ലാം അറിയാം. കേന്ദ്രത്തിനെതിരെ അര നേരം ശബ്ദിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞോ? എല്ലാവരും ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ മാറണം. അത് ജനങ്ങൾക്ക് മുന്നിൽ പറയണം. പക്ഷെ ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതൽ ഏറ്റെടുത്തത് വിഡി സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും വിഡി സതീശനെന്നാണ് കരുതിയത്. എന്നാൽ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണെന്നും അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി, അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ടെന്നും പറഞ്ഞു.

നേമത്താണ് കേരളത്തിന് നാണക്കേടുണ്ടാക്കാൻ കോൺഗ്രസ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കൂട്ടുനിന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ മതനിരപേക്ഷതാ ബോധം ഉയർന്നപ്പോൾ ബിജെപിയെ പരാജയപ്പെടുത്തി. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ കണ്ണിലെ പ്രിയപ്പെട്ടവരാണ്. അവർ പല അവസരവാദ കളികളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *