Your Image Description Your Image Description
Your Image Alt Text

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച അറ്റാദായം. 197.19 ശതമാനം വാര്‍ഷിക വര്‍ധനയോടെ 305.36 കോടി രൂപയാണ് ബാങ്ക് നേടിയ ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 102.75 കോടി രൂപയായിരുന്നു. 2023 ഡിസംബർ 31ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 203.24 കോടി രൂപയിൽ നിന്ന് 483.45 കോടി രൂപയായും വർധിച്ചു. 137.87 ശതമാനമാണ് വാർഷിക വളർച്ച.

 

മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷത്തെ 5.48 ശതമാനത്തില്‍ നിന്നും 74 പോയിന്റുകൾ കുറച്ച് 4.74 ശതമാനമാനത്തിലെത്തിച്ചു. അറ്റ നിഷ്‌ക്രിയ ആസ്തി 65 പോയിന്റുകൾ കുറച്ച് 2.26 ശതമാനത്തില്‍ നിന്നും 1.61 ശതമാനമാനത്തിലെത്തിക്കാനും ബാങ്കിനു കഴിഞ്ഞു. ഓഹരികളിന്മേലുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 6.42 ശതമാനത്തിൽ നിന്നും 16.38 ശതമാനമായി ഉയർന്നു. ആസ്തികളിന്മേലുള്ള വരുമാനം 0.39 ശതമാനത്തിൽ നിന്നും 1.07 ശതമാനമായും വർധിച്ചു. മൂന്നാം പാദത്തിൽ നീക്കിയിരുപ്പ് അനുപാതം 77.97 ശതമാനമാക്കിയും മെച്ചപ്പെടുത്തി.

 

റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 7.25 ശതമാനം വര്‍ധിച്ച് 95,088 കോടി രൂപയിലെത്തി. പ്രവാസി (എൻ.ആർ.ഐ) നിക്ഷേപം 4.55 ശതമാനം വര്‍ധിച്ച് 29,236 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഈ കാലയളവിൽ 27,964 കോടി രൂപയായിരുന്നു ഇത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 2.83 ശതമാനം വർധിച്ചു. സേവിങ്സ് ബാങ്ക് നിക്ഷേപത്തിൽ 2.81 ശതമാനവും കറന്റ് അക്കൌണ്ട് നിക്ഷേപത്തിൽ 2.96 ശതമാനവുമാണ് വർധന.

 

വായ്പാ വിതരണത്തില്‍ 10.80 ശതമാനം വളര്‍ച്ച കൈവരിച്ചു. 70,117 കോടി രൂപയിൽ നിന്നും 77,686 കോടി രൂപയിലെത്തി. കോർപറേറ്റ് വായ്പകൾ 34.81 ശതമാനം വാർഷിക വർധനയോടെ 22,174 കോടി രൂപയിൽ നിന്നും 29,892 കോടി രൂപയിലെത്തി. ഈ വിഭാഗത്തിൽ 96 ശതമാനവും ഉയർന്ന റേറ്റിങ് (എ അല്ലെങ്കിൽ അതിനു മുകളിൽ)  ഉള്ള അക്കൗണ്ടുകളാണ്. പേഴ്സനൽ വായ്പ 1,609 കോടി രൂപയിൽ നിന്ന് 2186 കോടി രൂപയായും സ്വർണ വായ്പകൾ 13,053 കോടി രൂപയിൽ നിന്ന് 15,369 കോടി രൂപയായും വർധിച്ചു. 17.74 ശതമാനമാണ് സ്വർണ വായ്പകളുടെ വാർഷിക വളർച്ച. 3.77 ലക്ഷത്തിലേറെ ക്രെഡിറ്റ് കാർഡുകളിലൂടെ 1,427 കോടി രൂപയുടെ വായ്പകളും വിതരണം ചെയ്തു.

 

ബാങ്ക് സ്വീകരിച്ചുവരുന്ന തന്ത്രങ്ങൾ ബിസിനസിൽ മികച്ച പ്രകടനം സാധ്യമാക്കുന്നുവെന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു. “കോർപറേറ്റ്, എസ്എംഇ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ്, പേഴ്സനൽ വായ്പ, സ്വർണ വായ്പ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആസ്തി ഗുണമേന്മയിൽ ശ്രദ്ധകേന്ദ്രീകരിച്ചുള്ള വളർച്ച കൈവരിക്കാൻ കഴിഞ്ഞു. ഗുണമേന്മയുള്ള വായ്പാ വളർച്ചയിലൂടെ ലാഭക്ഷമത ഉറപ്പാക്കുക എന്ന തന്ത്രപ്രധാന ലക്ഷ്യത്തിലൂടെ നഷ്ടസാധ്യത കുറഞ്ഞ പുതിയ വായ്പകൾ വിതരണം ചെയ്യാനും കഴിഞ്ഞു,” അദ്ദേഹം പറഞ്ഞു.

 

 

15.60 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള എസ്ഐബിഒഎസ്എല്ലിന്റെ സാമ്പത്തിക ഫലങ്ങൾ കൂടി ഉൾപ്പെട്ടതാണ് ബാങ്കിന്റെ ഈ സാമ്പത്തിക ഫലങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *