Your Image Description Your Image Description
Your Image Alt Text

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ജനുവരി 22-ന് കൊൽക്കത്തയിൽ ഐക്യത്തിനായുള്ള റാലിക്ക് നേതൃത്വം നൽകുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ ചടങ്ങ് രാഷ്ട്രീയക്കാരുടെ പണിയല്ല, പുരോഹിതരുടെ ചുമതലയാണ്. അടിസ്ഥാനസൗകര്യം മാത്രമാണ് ഭരണാധികാരികൾ ഏറ്റെടുത്ത് നടപ്പാക്കേണ്ടത് -മമത പറഞ്ഞു.

കാളീഘട്ട് ക്ഷേത്രത്തിൽ കാളീദേവിയെ വണങ്ങിയശേഷം തെക്കൻ കൊൽക്കത്തയിലെ ഹസ്ര ക്രോസിങ്ങിൽനിന്ന് തൃണമൂൽ കോൺഗ്രസ് ഐക്യറാലി തുടങ്ങും. ‘‘പലരും എന്നോട് പല ക്ഷേത്രങ്ങളെപ്പറ്റിയും ചോദിക്കുന്നുണ്ട്. പക്ഷേ, എനിക്കൊന്നും പറയാനില്ല. മതം വ്യക്തിപരമാണ്, എന്നാൽ, ആഘോഷങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. ജനുവരി 22-ന് ഞാൻ കാളീഘട്ട് ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തും. തുടർന്ന് എല്ലാമതങ്ങളെയും മാനിച്ചുകൊണ്ട് റാലി നടത്തും”-സെക്രട്ടേറിയറ്റിൽ നടത്തിയ പത്രസമ്മേളനത്തിൽ മമത പറഞ്ഞു. മറ്റൊരു പരിപാടിയുമായും ഇതിന് ബന്ധമില്ലെന്ന് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിനെ സൂചിപ്പിച്ച് അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *