Your Image Description Your Image Description
Your Image Alt Text

സ്രയേലിന്‍റെ ഗാസ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയില്‍ സംഘര്‍ഷം കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുന്നവെന്ന ആശങ്കയ്ക്കിടെ ഇറാന്‍, തങ്ങളുടെ ശത്രുകേന്ദ്രങ്ങളെന്ന് വിശേഷിച്ച പ്രദേശങ്ങളിലേക്ക് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാഖിലെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിന്‍റെ ആസ്ഥാനത്തിനും യുഎസ് കോണ്‍സുലേറ്റിനും നേരെ ആക്രമണം നടത്തിയപ്പോള്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ മേഖലയിലെ ഭീകരസംഘടനയായ ജയ്ഷെ ഉള്‍ അദ്‍ലിന്‍റെ ക്യാമ്പുകള്‍ക്ക് നേരെയാണ് ചൊവ്വാഴ്ച ആക്രമണമുണ്ടായത്.

ഇറാഖ് ആക്രമണത്തില്‍ നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അതേസമയം പാകിസ്ഥാനിലെ ഭീകര താവളങ്ങള്‍ ആക്രമിച്ച് നശിപ്പിച്ചെന്ന് ഇറാന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ ചിലത് പിന്നീട് പിന്‍വലിക്കപ്പെട്ടെന്നും ഇതേ തുടര്‍ന്ന് ആശയകുഴപ്പം ഉടലെടുത്തെന്നും ഫസ്റ്റ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇറാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഇൻഫർമേഷൻ മന്ത്രി ജാൻ അചക്സായി ആക്രമണം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ വിസമ്മതിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പബ്ലിക് റിലേഷന്‍ വിഭാഗത്തിന്‍റെ പ്രതികരണത്തിന് കാത്തിരിക്കണമെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

സുന്നി തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റ് ഈ മാസം ആദ്യം ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇരട്ട ചാവേര്‍ സ്ഫോടനങ്ങള്‍ നടത്തിയിരുന്നു. ഈ സ്ഫോടനങ്ങളില്‍ 90 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്‍റെ പിന്നാലെയാണ് ഭീകര സംഘടനകളുടെ കേന്ദ്രങ്ങളിലേക്ക് ഇറാന്‍ ആക്രമണം ശക്തമാക്കിയത്. ഇറാഖിലെയും സിറിയയിലെയും ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച ഇറാന്‍ പിന്നാലെ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്കും മിസൈല്‍ അയക്കുകയായിരുന്നു. അതേസമയം ആണവായുധ ശേഖരമുള്ള പാകിസ്ഥാന് നേരെയുള്ള ആക്രമണത്തെ ലോകം ആശങ്കയോടെയാണ് കാണുന്നത്. എന്നാല്‍, പാകിസ്ഥാന്‍ സൈന്യം ഇതുവരെ ആക്രമണത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. പാകിസ്ഥാനില്‍ ദേശീയ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ആക്രമണമെന്നതും ശ്രദ്ധേയം.

ഇസ്രയേലിന്‍റെ ഗാസ ആക്രമണത്തിന് എല്ലാവിധ സഹായവും ചെയ്തുന്ന യുഎസ് യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ശക്തമായ ആക്രമണം അഴിച്ച് വിട്ടിരുന്നു. എന്നാല്‍, ഇറാന്‍റെ സൈനിക നടപടി അപലപനീയമാണെന്ന് യുഎസ് വക്താവ് അഡ്രിയല്‍ വാട്സണ്‍ പറഞ്ഞു. ഇറാഖിന്‍റെയും കുര്‍ദ്ദിസ്ഥാന്‍റെയും പരമാധികാരത്തെ യുഎസ് അംഗീകരിക്കുന്നെന്നും ഇറാന്‍റെതേ വിവേചനപരമായ ആക്രമണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇറാഖിലെ മൊസാദ് ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇസ്രയേല്‍ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *